കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ. അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. കേരളത്തിൽ വരുന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന അമൃത ആശുപത്രിയുടെ രജതജൂബിലി സമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്തു.
ഹൃദയത്തിൽ അടിത്തട്ടിൽ നിന്ന് മാതാ അമൃതാനന്ദമയിക്ക് പ്രണാമം അർപ്പിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അനേകം പേർ മരിച്ചു. വളരെ വലിയ ദുരന്ത അനുഭവമായിരുന്നു. അവിടെ ജീവൻ പൊലിഞ്ഞ ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു.
കേരളത്തിൽ വരുമ്പോഴെല്ലാം മനസിന് ശാന്തിയും സമാധാനവും അനുഭവപ്പെടാറുണ്ട്. ആദിശങ്കരാചാര്യരുടെയും, മഹാത്മ അയ്യങ്കാളിയുടെയും നാരായണഗുരുദേവന്റെയും മാതാ അമൃതാനന്ദമയി ദേവിയുടെയും ആശിർവാദങ്ങൾ പ്രാപ്തമാകുന്നത് പോലുള്ള അനുഭവനമാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കൊച്ചിയിലും അമൃതപുരിയിലും ആരംഭിക്കുന്ന രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും.
രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post