തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് എഐ ക്യാമറകൾ ഉപയോഗിച്ച് ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങും. ഇന്ന് രാവിലെ എട്ട് മണി മുതലാകും ക്യാമറ പ്രവർത്തനം ആരംഭിക്കുക. ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 692 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഹെൽമറ്റ്- സീറ്റ് ബെൽറ്റ് തുടങ്ങിയ ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി എല്ലാവിധ നിയമ ലംഘനങ്ങൾക്കും ക്യാമറ പിഴ ഈടാക്കും. ആദ്യ ഘട്ടത്തിൽ നിയമലംഘനം നടത്തുന്ന 25,000 പേർക്കാകും പ്രതിദിനം നോട്ടീസ് നൽകുക.
ഹെൽമറ്റ്- സീറ്റ്‌ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയാണ് പിഴയൊടുക്കേണ്ടിവരിക. ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ, വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ബൈക്കിൽ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
സിഗ്നൽ ലംഘിച്ചാൽ നടപടിക്രമങ്ങൾ നേരെ കോടതിക്ക് കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും. അനധികൃത പാർക്കിംഗിനും ക്യാമറകൾ പിഴ ഈടാക്കും.
Discussion about this post