കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കണിച്ചാർ സ്വദേശി വി.ഡി ജിന്റോയാണ് മരിച്ചത്. 39 വയസായിരുന്നു. പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു അക്രമം നടന്നത്. മാർക്കറ്റിൽ ലോഡുമായി എത്തിയതായിരുന്നു ജിന്റോ.
ലോറിയിൽ നിന്ന് വെട്ടേറ്റ ഇയാൾ നിലവിളിച്ചുകൊണ്ട് പുറത്തിറങ്ങി. നൂറുമീറ്ററോളം മുന്നോട്ടുപോയി വഴിയരികിൽ തളർന്നിരുന്നു. വഴിയാത്രക്കാരായ രണ്ട് പേരാണ് പോലീസിൽ അറിയിച്ചത്. പോലീസ് നൽകിയ വിവരം അനുസരിച്ച് ഫയർഫോഴ്‌സ് ആംബുലൻസ് എത്തിയാണ് ജിന്റോയെ ആശുപത്രിയിലാക്കിയത്. ഇതിനോടകം മരിച്ചു.
രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് അറിയിച്ചു. ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്തുണ്ടായ തർക്കമാകാം അക്രമത്തിന് കാരണമെന്നും പോലീസ് പറയുന്നു.
ടൗൺ പോലീസ് സ്‌റ്റേഷന്റെയും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന്റെയും തൊട്ടടുത്താണ് അക്രമം ഉണ്ടായ സ്ഥലം. മാർക്കറ്റിലും ബിവറേജസ് കോർപ്പറേഷനിലും ലോഡുമായി എത്തുന്ന ലോറി ഡ്രൈവർമാർ രാത്രിയിൽ വാഹനം ഒതുക്കി വിശ്രമിക്കുന്ന സ്ഥലമാണിവിടെ. അതേസമയം ഇവിടെ മോഷണശ്രമവും അതിന്റെ പേരിൽ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ഡ്രൈവർമാർ പറയുന്നു.
ബിവറേജിലേക്ക് വരുന്ന ലോറികളിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിക്കാൻ പോലും അക്രമികൾ എത്താറുണ്ട്. വടിവാൾ ഉൾപ്പെടെയുളള ആയുധങ്ങളുമായിട്ടാണ് ഇവർ എത്തുന്നതെന്നും രണ്ടോ അതിലധികമോ ആളുകളാണ് സംഘത്തിലുണ്ടാകാറുളളതെന്നും ഇവർ പറഞ്ഞു. 12 മണിക്ക് ശേഷമാണ് ഇവർ എത്തുക. പണവും മറ്റ് സാധനങ്ങളും ആവശ്യപ്പെടാറുണ്ടെന്നും നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്താനും അക്രമത്തിനും മുതിരാറുണ്ടെന്നും ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post