കോഴിക്കോട്: വയലടയിൽ ഗൂഗിൾ മാപ്പ് നോക്കി ജീപ്പിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ സംഘം കൊക്കയിലേക്ക് മറിഞ്ഞു. വയലട മുള്ളൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു സംഭവം. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റു.
അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പൂവത്തുംചോലയിൽ നിന്നും താന്നിയാംകുന്ന് മലയിലൂടെയായിരുന്നു ഇവർ ഗൂഗിൾ മാപ്പ് നോക്കി വന്നത്. ഈ പാതയിലൂടെയുള്ള യാത്ര ഏറെ ദുർഘടമാണ്. ഈ പാതയിലൂടെ ഇവർ ഗൂഗിൾ മാപ്പിലെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ ടയർ തെന്നി. ഇതോടെ നിയന്ത്രം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ ചേർന്നാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. അതേസമയം താഴ്ചയിലേക്ക് മറിഞ്ഞ് വാഹനത്തിന് സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post