കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ ആക്രമണം നടത്താൻ ശ്രമം. ട്രെയിനിനുള്ളിൽ തീവെയ്ക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറി. മഹാരാഷ്ട്ര സ്വദേശിയായ 20 കാരനാണ് പിടിയിലായത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ തീവെയ്ക്കാനാണ് ശ്രമം നടന്നത്. ട്രെയിൻ വടകര സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിലെ പോസ്റ്റർ കീറി പ്രതി കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാർ ഇയാളെ പിടികൂടി. തുടർന്ന് കോഴിക്കോട് സ്‌റ്റേഷനിൽ വെച്ച് ആർപിഎഫിന് കൈമാറി. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്.
ജനറൽ കംപാർട്‌മെന്റിലാണ് ഇയാൾ ഉണ്ടായിരുന്നത്. ടിക്കറ്റ് എടുക്കാതെയായിരുന്നു യാത്ര. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. എല്ലാ ചോദ്യങ്ങൾക്കും പ്രതി ചിരിച്ചുകൊണ്ടാണ് മറുപടി നൽകുന്നത്.
രണ്ടര മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് സംസ്ഥാനത്ത് ട്രെയിനിന് നേരെ ആക്രമണമുണ്ടാകുന്നത്. എലത്തൂരിൽ വെച്ച് ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ നടന്ന തീവെയ്പ്പിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. രണ്ട് മാസത്തിന് ശേഷം കണ്ണൂരിൽ വെച്ചും അതേ ട്രെയിനിന് നേരെ തീവെയ്പ്പ് നടന്നു. പുഷൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് ട്രെയിനിന് തീവെച്ചത്.
Discussion about this post