തിരുനെൽവേലി: കാട്ടിലേക്ക് തുറന്നുവിടാൻ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്‌നാട് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തിയത്. മയക്കുവെടിയും തുടർച്ചയായി 200 ലധികം കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നതും അരിക്കൊമ്പനെ തളർത്തിയിരുന്നു.
തേനിയിൽ നിന്നും തിരുനെൽവേലിയിലേക്കുളള യാത്രയ്ക്കിടെ ഇടയ്ക്ക് നിർത്തി ആനയുടെ ആരോഗ്യം പരിശോധിച്ച ശേഷമാണ് യാത്ര തുടർന്നതും. തേനിയിൽ നിന്നാണ് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് അരിക്കൊമ്പനെ എത്തിച്ചത്. ഇന്ന് കാട്ടിലേക്ക് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും വൈകുന്നേരത്തോടെ കോടതി ഇതിൽ ഇളവ് നൽകിയിരുന്നു.
അരിക്കൊമ്പന്റെ ഈ അവസ്ഥയിൽ കാട്ടിൽ തുറന്നുവിടാനാകില്ലെന്നും രണ്ട് ദിവസം ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് വിട്ടാൽ മതിയെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ കോതയാർ ആനസങ്കേതത്തിൽ എത്തിച്ച് ചികിത്സിക്കാനും ആലോചിക്കുന്നുണ്ട്.
പുലർച്ചെ തേനിയിൽ നിന്ന് തുടങ്ങിയ യാത്ര വൈകുന്നേരത്തോടെയാണ് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിയത്. അരിക്കൊമ്പനെ ഇവിടെ വിടുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവാസങ്കേതത്തിലെ ജലസംഭരണി വരെ മാത്രമായിരുന്നു മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ പ്രവേശനം അനുവദിച്ചത്. ഇവിടെ നിന്നും 35 കിലോമീറ്റർ ഉൾക്കാട്ടിലേക്ക് അരിക്കൊമ്പനെ തുറന്നുവിടുമെന്നായിരുന്നു തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചത്.
അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിൽ ഉൾപ്പെടെയുളള മുറിവുകൾ നേരത്തെ തന്നെ ആനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ചിന്നക്കനാലിൽ ജനങ്ങൾക്ക് ഭീഷണിയായിരുന്ന അരിക്കൊമ്പനെ കേരള വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവാസങ്കേതത്തിലേക്ക് കൊണ്ടുവിടുകയായിരുന്നു. എന്നാൽ കാട്ടിനുളളിൽ നിന്നും കുറച്ച് ദിവസങ്ങൾക്കുളളിൽ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഇവിടെയും വ്യാപക നാശം ഉണ്ടാക്കി. തുടർന്നാണ് ആനയെ വീണ്ടും മയക്കുവെടി വെച്ച് ഉൾക്കാട്ടിലേക്ക് കൊണ്ടുവിടാൻ തീരുമാനിച്ചത്.
Discussion about this post