എറണാകുളം: കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം ബിനു അടിമാലി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സാരമായി പരിക്കേറ്റ ബിനു അടിമാലി നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
ബിനുവിന് പുറമേ സംഭവ സമയം വാഹനം ഓടിച്ചിരുന്ന ഉല്ലാസ് അരിയൂരിനും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു. ഉല്ലാസിന്റെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ ഉല്ലാസിന്റെ എല്ലിന് പൊട്ടലുണ്ട്. ഉല്ലാസും നിരീക്ഷണത്തിലാണ്. അപകട സമയം ഇവർക്കൊപ്പമുണ്ടായിരുന്ന മഹേഷിന് കാര്യമായ പരിക്കുകൾ ഇല്ല. അതേസമയം അപകടത്തിൽ മരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
ഇന്നലെ പുലർച്ചെ ആയിരുന്നു മിമിക്രി താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കയ്പമംഗലത്തുവച്ച് കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം സുധിയ്ക്കാണ് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വാഹനത്തിന് മുൻവശത്തായിരുന്നു കൊല്ലം സുധി ഇരുന്നിരുന്നത്.
തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണം ആയതെന്നാണ് നിഗമനം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക.
Discussion about this post