കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിരുദ വിദ്യാർത്ഥിനിയെ ജിനാഫ് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ ജിനാഫ് ഒളിവിൽ പോയിരുന്നു. തമിഴ്‌നാട്ടിലേക്ക് ആയിരുന്നു ഇയാൾ പോലീസിനെവെട്ടിച്ച് കടന്നത്. അന്വേഷണത്തിനിടെ ഇയാൾ തമിഴ്‌നാട്ടിലുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് അന്വേഷണത്തിനായി ജിനാഫിനെ താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരിയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കാണാതായത്. കോളേജിൽ എത്താത്തതിനെ തുടർന്ന് അധികൃതർ വീട്ടുകാരോട് കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. എന്നാൽ കുട്ടി ഹോസ്റ്റലിലേക്കെന്ന് പറഞ്ഞ് പോയി എന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഇതിന് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു പെൺകുട്ടിയെ ചുരത്തിൽ നിന്നും കണ്ടെത്തിയത്. താരശ്ശേരി ചുരത്തിന്റെ ഒൻപതാം വളവിൽ ആയിരുന്നു പെൺകുട്ടിയെ ജിനാഫ് ഉപേക്ഷിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച വിവരം കുട്ടി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.
Discussion about this post