കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ പാസായി. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ പി.എം ആർഷോയ്ക്ക് എതിരെയാണ് ആരോപണം ഉയർന്നത്.
ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ റിസൾട്ടിലാണ് ആർഷോയെ പാസാക്കിയത്. കേസുകളിൽ പെട്ട് ജയിലിലായതിനാൽ ആർഷോ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ മാർക്ക് ലിസ്റ്റിൽ വിജയിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.
കോളജിലെ കെഎസ്‌യു വിദ്യാർത്ഥികളാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടുത്തിയത്. വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലിക്ക് കോളജിലെ പൂർവ്വ വിദ്യാർത്ഥിനി ശ്രമിച്ച സംഭവത്തിൽ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാൻ ക്യാമ്പസിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് വിദ്യാർത്ഥികൾ ആർഷോയുടെ മാർക്ക് ലിസ്റ്റ് സഹിതം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് വിഷയങ്ങളും അതിന്റെ മാർക്കും കാണിക്കുന്നുണ്ട്. എന്നാൽ ആർഷോയ്ക്ക് ടിസിപിയും എസ്‌സിപിഎയും സെമസ്റ്റർ േ്രഗഡും ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. 2021 ലാണ് ആർഷോ കോഴ്‌സിന് അഡ്മിഷൻ എടുത്തത്.
എസ്എഫ്‌ഐയ്ക്ക് മാത്രമായി സംസ്ഥാനത്തെ കോളജുകളിൽ സമാന്തര സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയമുയർത്തുന്നതാണ് ഇക്കാര്യങ്ങളെന്ന് കെഎസ്‌യു നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. പരാതി ഉയർന്നതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.
Discussion about this post