ന്യൂഡൽഹി : അമർനാഥ് യാത്രയ്ക്ക് നേരെ ആക്രമണം നടത്താൻ പാക് ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി വിവരം ലഭിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിൽ വെച്ച് തീർത്ഥാടർക്ക് നേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനകൾ നടത്തുന്നുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം. തീർത്ഥാടന യാത്ര തകർക്കുക എന്നതാണ് പാക് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും ഉന്നത അധികൃതർ അറിയിക്കുന്നു.
അമർനാഥ് യാത്രയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഉത്തരവാദിത്വം റഫീഖ് നായിക്കും മുഹമ്മദ് അമിൻ ബട്ട് എന്ന അബു ഖുബൈബിനും നൽകിയിട്ടുണ്ടെന്നാണ് വിവരം. രജൗരി-പൂഞ്ച്, പിർ പഞ്ചാൽ, ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താൻ ഇവരെ നിയോഗിച്ചിട്ടുണ്ട്.
പൂഞ്ച് സ്വദേശിയാണ് റഫീഖ് നായ്, ഖുബൈബ് ദോഡ നിവാസിയാണ്. നിലവിൽ ഇവർ പാക് അധീന കശ്മീരിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദാഡയിലെയും പൂഞ്ചിലെയും യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ പ്രേരിപ്പിച്ച് ഭീകരവാദത്തിലേക്ക് തള്ളിവിടാനാണ് ഇവർ ശ്രമിക്കുന്നത്.
ഇരുവരുടെയും കുടുംബാംഗങ്ങളെ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. കശ്മീരിൽ ജനിച്ച് വളർന്ന ഇരുവർക്കും എല്ലാ പ്രദേശങ്ങളും പരിചിതമാണ്. നുഴഞ്ഞുകയറ്റം നടത്താനുള്ള എല്ലാ വഴികളും ഇവർക്കറിയാം. അതുകൊണ്ട് തന്നെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്.
ജമ്മു കശ്മീരിലെ എല്ലാ ഗ്രാമങ്ങളും പ്രദേശങ്ങളും നിരീക്ഷണത്തിലാണ്. ജമ്മു കശ്മീർ പോലീസ് കൂടാതെ സിആർപിഎഫ്, ക്യുആർടി, എസ്എസ്ബി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Discussion about this post