ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ച സ്‌കൂളിലേക്ക് സ്റ്റഡി ടൂർ നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം. ഗുജറാത്തിലെ വഡ്‌നഗറിലുള്ള പ്രൈമറി സ്‌കൂളിലേക്ക് പോകാനാണ് കേന്ദ്ര സർക്കാർ രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിൽ നിന്നും രണ്ട് കുട്ടികളെ തിരഞ്ഞെടുക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
‘സ്റ്റഡി ടൂറിന്റെ ഭാഗമായി 750 ജില്ലകളിൽ നിന്ന് രണ്ട് കുട്ടികളെ വീതം തിരഞ്ഞെടുക്കും. ഗുജറാത്തിലെ വഡ്നഗറിലെ പ്രധാനമന്ത്രി മോദിയുടെ ജന്മസ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂലേക്ക് ഏഴ് ദിവസത്തെ സന്ദർശനമാണ് നടത്തുക” ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
‘എല്ലാ ലോക നേതാക്കളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂൾ ഒരിക്കലും മറക്കില്ല. ഓരോ രാജ്യവും അത് സംരക്ഷിക്കുകയാണ്. മോദിയുടെ സ്‌കൂൾ 2018 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംരക്ഷിച്ചുവരികയാണ്” വൃത്തങ്ങൾ അറിയിച്ചു.
ഈ യാത്രയിൽ കുട്ടികൾ രാജ്യത്തിന്റെ വീരന്മാരെയും അവരുടെ ധീരതയെയും കുറിച്ച് പഠിക്കും. രാജ്യത്തെ പരംവീർ ചക്ര ജേതാക്കളുടെ കഥകൾ കാണാനും അറിയാനും കുട്ടികൾക്ക് അവസരമൊരുക്കും. ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ച് സർദാർ വല്ലഭഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരുടെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കും. ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി, ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളും പ്രദർശിപ്പിക്കും.
വഡ്നഗർ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനുള്ള സെലക്ഷൻ നടപടികൾ ഇപ്പോഴും പുരോഗമിക്കുയാണ്. ഈ വർഷം ഒക്ടോബർ മുതൽ സ്റ്റഡി ടൂർ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഒരു തവണ 30 കുട്ടികളെ മാത്രമേ സ്‌കൂളിൽ എത്തിക്കാൻ സാധിക്കൂ. ഇതിന്റെ എല്ലാ ചെലവുകളും കേന്ദ്ര സർക്കാർ വഹിക്കും. പ്രധാനമന്ത്രിയുടെ ” ഏക ഭാരതം ശ്രേഷ്ഠ ഭാരതം” എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇത് കൂടാതെ വിദൂര പ്രദേങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് മറ്റ് സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസരമായിരിക്കും ഇത്.
Discussion about this post