തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സാങ്കേതിക പിഴവാണെന്ന കോളേജിന്റെ വിശദീകരണം വിശ്വസിക്കുന്നില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. എസ്എഫ്‌ഐക്കെതിരായി വലിയ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
”പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ. അതൊരു അത്ഭുതകരമായ സംഭവമാണ്. എസ്എഫ്ഐക്കെതിരെ വലിയൊരു ഗൂഢാലോചന നടന്നു. അതുകൊണ്ട് എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണം. സാങ്കേതിക പിഴവാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എസ്എഫ്ഐയെ കുറ്റപ്പെടുത്തി കൊണ്ട് വാർത്തകൾ ചമക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്” എം.വി ഗോവിന്ദൻ പ്രതികരിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ഒരു സഖാവിന്റെ നേരെ ഇത്തരം അസംബന്ധമായ ഒരു ആരോപണം ഉന്നയിച്ച് അത് മുഴുവൻ വാർത്തയാക്കിയത് തെറ്റായ സമീപനമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയാൽ ആ വാർത്ത മാധ്യമങ്ങൾ നൽകണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ച എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയ്ക്ക് കൂട്ടുനിൽക്കേണ്ട കാര്യം കമ്യൂണിസ്റ്റ് പാർട്ടിക്കില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post