കൊച്ചി; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ട കെ വിദ്യയെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി. എന്നാലും എന്റെ വിദ്യേ എന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. മുൻ എസ്എഫ്‌ഐ നേതാവുകൂടിയായ വിദ്യ, വ്യാജ രേഖ ചമച്ച് അദ്ധ്യാപകജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെയാണ് ശ്രീമതി ടീച്ചറുടെ പോസ്റ്റ്. എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകയായ വിദ്യ വ്യാജ രേഖ സമർപ്പിച്ചെന്ന കേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.
ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ചെന്ന മഹാരാജാസ് കോളേജിന്റെ പരാതിയിൽ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ കോളേജിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയി പ്രവർത്തിച്ചു എന്നു വ്യക്തമാക്കുന്ന രേഖയാണ് വിദ്യ വ്യാജമായി നിർമിച്ചത്. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് എഫ്‌ഐആറിൽ വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. അട്ടപ്പാടി ഗവൺമെന്റ് കോളജിൽ ഇൻറർവ്യൂവിനിടെയാണ് രേഖകളിൽ കോളജ് അധികൃതർക്ക് സംശയം തോന്നിയത്. കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യയുടെ PHD പ്രവേശനം സംബന്ധിച്ചും വിവാദങ്ങൾ ഉയർന്നിരുന്നു. 2019 ൽ വിദ്യ പ്രവേശനം നേടിയത് പരിശോധിക്കാനാണ് സർവകലാശാലയുടെ തീരുമാനം.
Discussion about this post