ന്യൂഡൽഹി/ ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച ഇന്ത്യ- അമേരിക്കൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളെയും സംബന്ധിച്ച നിർണായക വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ഇരു ലോക നേതാക്കളും ചർച്ച ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. ചൈനയെ പ്രതിരോധത്തിലാക്കുന്ന തീരുമാനങ്ങളും ഇരു നേതാക്കളും കൈക്കൊള്ളും.
ഈ മാസം 21 മുതൽ 24 വരെയാണ് നരേന്ദ്ര മോദി- ബൈഡൻ കൂടിക്കാഴ്ച. ഈ ദിവസങ്ങളിലാണ് അമേരിക്കൻ കോൺഗ്രസ് നടക്കുന്നത്. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇതിന് ശേഷം ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും സൗഹൃദവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ഊട്ടി ഉറപ്പിക്കുന്ന വിഷയങ്ങളിലാകും ഇരു നേതാക്കളും ചർച്ച നടത്തുക എന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.
ഇന്തോ-പസഫിക് മേഖലയിലെ സഹകരണം സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തും. നിലവിൽ മേഖലയിൽ ചൈനയുടെ അധിനിവേശം വർദ്ധിക്കുകയാണ്. ഇത് അവസാനിപ്പിച്ച് മേഖല കാത്ത് സൂക്ഷിക്കുന്നതിനായുള്ള നിർണായക തീരുമാനവും ഇരു നേതാക്കളും ഒത്ത് ചേർന്ന് കൈക്കൊള്ളും.
അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ രണ്ടാമതും അവസരം ലഭിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്നാണ് പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്.
Discussion about this post