കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ നടൻ ടിനി ടോമിന്റെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. എക്‌സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ടിനി ടോം എന്ന കാര്യവും ബി ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.
സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” എക്‌സൈസ് വകുപ്പ് ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയയുടെ മുറി പരിശോധിക്കാൻ തിരുവനന്തപുരത്ത് നിന്ന് ഈരാറ്റുപേട്ട വരെ വരാൻ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥർ എന്തുകൊണ്ട് ടിനി ടോമിൻറെ മൊഴി ഇതുവരെ എടുത്തില്ല?
ലഹരി ഉപയോഗിച്ച് ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് ടിനി പറയുന്നത്. ടിനി ടോം എക്‌സൈസ് വകുപ്പിൻറെ ബ്രാൻഡ് അംബാസിഡർ ആയി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാ? എക്‌സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാൻഡ് അംബാസിഡറോട്? ആരാണ് ഈ നടൻ എന്ന് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ? അതെന്ത് കൊണ്ടാണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോൾ അതിന് ഉത്തരവാദിത്തം വേണമെന്നും” ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ മാസം അമ്പലപ്പുഴയിൽ നടന്ന കേരള സർവ്വകലശാല യൂണിയൻ യുവജനോത്സവ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ടിനി ടോമിൻറെ പരാമർശം. ‘ഒരു മകനേ എനിക്കുള്ളൂ. ഭയം കാരണം സിനിമയിൽ വിട്ടില്ല. എനിക്കൊപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയാണ്. ആ നടൻറെ പല്ല് പൊടിഞ്ഞ് തുടങ്ങി” എന്നാണ് ടിനി ടോം പറഞ്ഞത്.
Discussion about this post