കാസർകോട്: എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി കാസർകോട് കരിന്തളം ഗവൺമെൻറ് കോളേജ്. അദ്ധ്യാപക നിയമനത്തിനായി വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരാതി നൽകാൻ കരിന്തളം കോളേജും തീരുമാനിച്ചിരിക്കുന്നത്. ഈ കോളേജിലും വിദ്യ അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
ജോലി തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കരിന്തളം കോളേജ് മഹാരാജാസ് കോളേജിന് വിദ്യയുടെ രേഖകൾ കൈമാറിയിരുന്നു. ഇത് മഹാരാജാസ് കോളേജ് അധികൃതർ വിശദമായി പരിശോധിച്ച ശേഷം വ്യാജമാണെന്ന് കരിന്തളം കോളേജിനെ അറിയിക്കുകയായിരുന്നു. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ രേഖയാണ് ജോലി ലഭിക്കുന്നതിന് വേണ്ടി ഇവിടെയും വിദ്യ ഹാജരാക്കിയത്. സംഭവത്തിൽ വിദ്യയ്‌ക്കെതിരെ പരാതി നൽകുമെന്നകാര്യം പ്രിൻസിപ്പാൾ ഇൻ ചാർജ് ആണ് അറിയിച്ചത്.
2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് വിദ്യ കരിന്തളം ഗവ കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസിൽ പഠിപ്പിച്ചുവെന്ന സർട്ടിഫിക്കറ്റാണ് വിദ്യ നൽകിയിരുന്നത്. ഇതുൾപ്പെടെ വിദ്യ ഹാജരാക്കിയ മുഴുവൻ രേഖകളും പോലീസ് പരിശോധിക്കും.
Discussion about this post