തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ നീക്കം. കേസിലെ പരാതിക്കാരായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വലിയതുറ പോലീസ് കണ്ണൂരിലെത്തി നോട്ടീസ് നൽകി. പോലീസ് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ടും ഇപി ജയരാജന് അനുകൂലമാണ്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പോലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്.കോടതി നിർദേശപ്രകാരമാണ് വലിയതുറ പോലീസ് കേസെടുത്തത്.
2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായത്. കണ്ണൂരിൽനിന്നു വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നു. ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജൻ പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു. പിന്നാലെ പോലീസെത്തി യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇ.പി.ജയരാജൻ ഇൻഡിഗോയിലെ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
Discussion about this post