കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ജോലി നേടിയ എസ്എഫ്‌ഐ നേതാവ് വിദ്യ, ജോലിയിൽ തുടരാൻ കോളേജിൽ കഴിഞ്ഞ മാസവും വ്യാജരേഖ നൽകിയെന്ന് കണ്ടെത്തൽ. എന്നാൽ അഭിമുഖത്തിൽ അഞ്ചാം റാങ്കാണ് വിദ്യയ്ക്ക് ലഭിച്ചത്. അതുകൊണ്ടാണ് നിയമനം ലഭിക്കാതെ പോയത്. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസിൽ പഠിപ്പിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് 2022 ജൂൺ മുതൽ 2023 മാർച്ച് വരെ കാലയളവിൽ വിദ്യ കരിന്തളം ഗവ കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്.
വിഷയവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കരിന്തളം കോളേജിലെത്തി തെളിവെടുപ്പ് നടത്തി. കരിന്തളം കോളേജിൽ ജോലി ചെയ്ത കാലയളവിൽ ഇവർ സർവ്വകലാശാല മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുത്തതായും വിവരമുണ്ട്. ഇതിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.
ഈ മാസം അട്ടപ്പാടി ആർജിഎം ഗവ.കോളേജിലെ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനിടെയാണ് വിദ്യയുടെ വ്യാജരേഖ പുറത്താകുന്നത്. ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നവർ ലോഗോയും സീലും കണ്ട് സംശയം തോന്നി മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. വ്യാജരേഖയുണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിന് ഏഴ് വർഷം വരെ കടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് പോലീസ് വിദ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post