ആലപ്പുഴ : ആറ് വയസുകാരിയായ പെൺകുട്ടിയെ സ്വന്തം അച്ഛൻ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കേരളക്കരയാകെ വിറങ്ങലിച്ചിരിക്കുകയാണ്. വീട്ടിൽ വെച്ച് കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി, ശബ്ദം കേട്ട് ഓടിയെത്തിയ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പോലീസ് സംഘമെത്തിയാണ് പ്രതിയെ കീഴടക്കിയത്.
എന്നാൽ താൻ ചെയ്ത കുറ്റത്തിൽ അൽപം പോലും പശ്ചാതാപം പ്രതിക്ക് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ‘ഞാൻ എൻറെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ രോഷം പ്രകടിപ്പിച്ചുകൊണ്ട് ശ്രീമഹേഷ് നാട്ടുകാരോട് ചോദിച്ചത്. ഇത് കേട്ടുനിന്നയാളുകൾ ” അവനെ ഞങ്ങൾക്ക് വിട്ടുതരൂ, ഞങ്ങൾ കൈകാര്യം ചെയ്‌തോളാം” എന്ന് നാട്ടുകാരും ആക്രോശിച്ചു.
തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴും ശ്രീമഹേഷിനെ കാണാൻ ആളുകൾ കൂടി. സ്വന്തം കുട്ടിയെ കൊന്നയാളെ ഞങ്ങൾ ശിക്ഷിക്കാമെന്ന് ഇവർ ഒരേ ശബ്ദത്തോടെ പറഞ്ഞു. ഇതോടെ പോലീസ് വീടിന്റെ ഗേറ്റ് പൂട്ടി. ഇതിന് പുറത്ത് നിന്നാണ് നാട്ടുകാർ രോഷം പ്രകടിപ്പിച്ചത്.
ഇന്നലെ വൈകീട്ടോടെ ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
Discussion about this post