ബീജിംഗ്: അമേരിക്കയുടെ സൈനിക വിവരങ്ങൾ ചോർത്താൻ തന്ത്രപരമായ നീക്കവുമായി ചൈന. ചാരവൃത്തിയ്ക്കായി ക്യൂബയിൽ പ്രത്യേക കേന്ദ്രം നിർമ്മിക്കാനാണ് ചൈനയുടെ തീരുമാനം. ചാര കേന്ദ്രം നിർമ്മിക്കുന്നതിനായി ക്യൂബയും ചൈനയും തമ്മിൽ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ തെക്കൻ മേഖലയും ഇവിടുത്തെ സൈനിക കേന്ദ്രങ്ങളുമാണ് ചൈന ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഫ്‌ളോറിഡയിൽ നിന്നും 100 മൈൽസ് അകലെ ആയാണ് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളോട് കൂടിയുള്ള ചാര കേന്ദ്രം നിർമ്മിക്കുന്നത്. ഈ മേഖലയിലാണ് അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങൾ നിലകൊള്ളുന്നത്. അമേരിക്കൻ സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കാനും ശേഖരിക്കാനും ഈ കേന്ദ്രം വഴി സാധിക്കുമെന്നാണ് സൂചനകൾ. ചാര കേന്ദ്രം നിർമ്മിക്കാൻ വൻ തുകയാണ് ചൈന ക്യൂബയ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്.
അമേരിക്കയുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ക്യൂബയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കുന്നു എന്ന വിവരം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇന്റലിജൻസ് കമ്മിറ്റി മേധാവിമാർ വ്യക്തമാക്കി. തങ്ങളുടെ രാജ്യസുരക്ഷയെ ലക്ഷ്യമിട്ടാൽ ചൈനയ്ക്കുണ്ടാകാൻ പോകുന്ന പ്രത്യാഘാതം വലുതായിരിക്കും. ചൈനയ്ക്ക് ഇതിന് ചുട്ട മറുപടി നൽകുമെന്നും കമ്മിറ്റിയുടെ മുന്നറിയിപ്പുണ്ട്. ചൈനയും ക്യൂബയും തമ്മിലുള്ള ബന്ധത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ കൗൺസിൽ വൃത്തങ്ങളും പ്രതികരിച്ചിട്ടുണ്ട്.
Discussion about this post