തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം സ്വന്തം മണ്ഡലമായ പറവൂരിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്.
പുനർജനി പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ പരാതിയിൽ വിജിലൻസിന്റെ സ്‌പെഷ്യൽ യൂണിറ്റ് 2 രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ലഭിച്ച നിയമോപദേശത്തെ തുടർന്നാണ് തുടർനടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. പുനർജനി പദ്ധതിക്കായി വിദേശത്ത് പണപ്പിരിവ് നടത്തിയെന്നും പരാതിൽ പറയുന്നു. വിദേശയാത്ര നിയമാനുസൃതമായിരുന്നോ, വിദേശയാത്രയിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടോ, പണപ്പിരിവ് നടത്തിയെങ്കിൽ അതിൻറെ വിനിയോഗത്തിൽ ക്രമക്കേടുണ്ടോ തുടങ്ങിയ മൂന്നു കാര്യങ്ങളിലാകും പ്രധാനമായും അന്വേഷണം നടക്കുക.
വിദേശരാജ്യങ്ങളിലടക്കം പദ്ധതിയുടെ പേരിൽ കോടികൾ പിരിച്ചു. ഇതുസംബന്ധിച്ച് കണക്കുകൾ രാഷ്ട്രീയ പാർടികൾ ആവശ്യപ്പെട്ട സന്ദർഭത്തിൽ സാമൂഹ്യ ഓഡിറ്റ് നടത്തി കണക്കുകൾ പ്രസിദ്ധപ്പെടുത്തുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ഇത് വരെ അത് ഉണ്ടായിട്ടില്ല.
Discussion about this post