സഹോദരൻ വിജയൻ മാസ്റ്ററുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ. അധ്യാപകൻ, സംഘാടകൻ, സാംസ്‌കാരിക പ്രവർത്തകൻ, നാടക പ്രവർത്തകൻ, കരകൗശല തൽപരൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ, സഹകാരി, ഖാദി പ്രചാരകൻ, പൊതുജന സേവകൻ, കുടുംബനാഥൻ എന്നിങ്ങനെ ബഹുമുഖങ്ങളുള്ള വ്യക്തിത്വമാണ് അദ്ദേഹമെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
ഓർമ്മകൾ ബാക്കിയാക്കി ഏട്ടൻ പോയി. കെഎസ്‌വൈഎഫിലൂടെയാണ് രാഷ്ട്രീയക്കാരനാവുന്നത്. തുടർന്ന് ജനതാ പാർട്ടിയിലെത്തി, അവിടെ നിയോജക മണ്ഡലം പ്രസിഡണ്ടായി. പിന്നെ സംസ്ഥാന കമ്മറ്റിയിലെത്തി. തനിക്കു നേരെയുണ്ടായ ആക്രമണത്തിലുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയിലാവാം, സംഘവുമായി അടുത്തു. അടുത്തറിഞ്ഞ സംഘത്തെ പിന്നെ നെഞ്ചോടു ചേർത്തു, ബിജെപി കാര്യകർത്താവായി. നഗരസഭാ സെക്രട്ടറി, പ്രസിഡണ്ട്, മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന കൗൺസിൽ അംഗം എന്നീ ചുമതലകളിൽ അദ്ദേഹം പ്രവർത്തിച്ചു എന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
പെരിഞ്ചേരിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഖാദി നൂൽ നൂൽപ്പ്‌കേന്ദ്രം, പെരിഞ്ചേരിയിലുള്ള വനിതാ സഹകരണ സംഘം, ജില്ലയിൽ സഹകാർ ഭാരതിക്കു കീഴിൽ ഇന്നു പ്രവർത്തിക്കുന്ന മുപ്പതോളം മറ്റു സഹകരണ സംഘങ്ങൾ, മട്ടന്നൂരിലെ ‘കലവറ’ സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഏട്ടന്റെ സമർപ്പിത കർമ വൈവിധ്യങ്ങളുടെ സദ്ഫലങ്ങളാണ്. ഇനിയും ചില സ്വപ്ന പദ്ധതികളുണ്ടായിരുന്നു, ആ മനസ്സിൽ. പക്ഷെ ശപിക്കപ്പെട്ട ആ രോഗം ഏട്ടനെ റാഞ്ചിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരേ പ്രസ്ഥാനത്തിലെ മുതിർന്ന സഹ പ്രവർത്തകനെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലാണിത്. മാതൃകയാക്കാവുന്ന ഗുണങ്ങളുള്ള വിജയൻ മാസ്റ്റർ എന്ന കാര്യകർത്താവിനോടുള്ള ആദരവാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം –
ഓർമ്മകൾ ബാക്കിയാക്കി ഏട്ടൻ പോയി….
നാളെ സഞ്ചയനം
അലസനായി, നിസ്സംഗനായി ഇരിക്കുന്ന ഏട്ടനെ ഓർത്തെടുക്കാൻ കഴിയില്ല. ചലനാത്മകത, കർമ കുശലത… അതായിരുന്നു ഏട്ടൻ. വരുംവരായ്കകളോർത്തുള്ള ആശയ സംഘർഷം ഏട്ടനിൽ കാണാനേ കഴിയുമായിരുന്നില്ല. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ചടുലതയോടെയാണ് തീരുമാനങ്ങളിലെത്തുക. ചിലപ്പോഴെങ്കിലും അതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. ചിലരൊക്കെ അതിൽ നീരസം പൂണ്ടും കാണും. എന്നാൽ അവ ബോധ്യപ്പെട്ടാൽ മടിയേതുമില്ലാതെ തിരുത്താനും തയ്യാറായിരുന്നു…..
അധ്യാപകൻ, സംഘാടകൻ, സാംസ്‌കാരിക പ്രവർത്തകൻ, നാടക പ്രവർത്തകൻ, കരകൗശല തൽപരൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ, സഹകാരി, ഖാദി പ്രചാരകൻ, പൊതുജന സേവകൻ, കുടുംബനാഥൻ, … അങ്ങനെ പോകുന്നു ആ ബഹുമുഖ വ്യക്തിത്വം.
പഴയ KSYF (Dyfi യുടെ പൂർവ രൂപം) ലൂടെയാണ് രാഷ്ട്രീയക്കാരനാവുന്നത്. പിന്നെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുത്തു. ജനതാ പാർട്ടിയിലെത്തി. അവിടെ നിയോജക മണ്ഡലം പ്രസിഡണ്ടായി. പിന്നെ സംസ്ഥാന കമ്മറ്റിയിൽ….
എനിക്കു നേരെയുണ്ടായ ആക്രമണത്തിലുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയിലാവാം, സംഘവുമായി അടുത്തു. അടുത്തറിഞ്ഞ സംഘത്തെ പിന്നെ നെഞ്ചോടു ചേർത്തു. Bjp കാര്യകർത്താവായി. നഗരസഭാ സെക്രട്ടറി, പ്രസിഡണ്ട്, മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന കൗൺസിൽ അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചു. സഹകാർ ഭാരതിയുടെ കണ്ണൂർ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന നിലകളിലും ചുമതല വഹിച്ചു. നിരവധി പേരെ കൈ പിടിച്ചുയർത്തിയിട്ടുണ്ട്. ചില നേരത്തെ ഇടപെടൽ നിമിത്തം അപൂർവം ചിലരെങ്കിലും അസ്വസ്ഥരായിട്ടുമുണ്ട്. BJP കാര്യകർത്താവായിരിക്കുമ്പോൾ തന്നെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായും ഭേദ ഭാവമില്ലാതെ ഊഷ്മള ബന്ധം വളർത്തിയെടുത്തു.
അടുത്ത കാലം വരെ കണ്ണൂർ രാഷ്ട്രീയത്തിന്റെ ‘സവിശേഷതകൾ’ക്ക് BJP ക്കാരനായ ഏട്ടനും വിധേയനായിട്ടുണ്ട്. വിടിനു നേരെ ബോംബേറ്, വാഹനത്തിനു നേരെയുള്ള ആക്രമണം, വരാന്തയിൽ റീത്ത് സമർപ്പണം…. കുറച്ചുനാൾ പെരിഞ്ചേരിയിലെ സംഘ സഹോദരങ്ങളോടൊപ്പം സബ്ജയിലിൽ റിമാന്റ് പ്രതിയും !
പെരിഞ്ചേരിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഖാദി നൂൽ നൂൽപ്പ്‌കേന്ദ്രം, പെരിഞ്ചേരിയിലുള്ള വനിതാ സഹകരണ സംഘം, ജില്ലയിൽ സഹകാർ ഭാരതിക്കു കീഴിൽ ഇന്നു പ്രവർത്തിക്കുന്ന മുപ്പതോളം മറ്റു സഹകരണ സംഘങ്ങൾ, മട്ടന്നൂരിലെ ‘കലവറ’ സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഏട്ടന്റെ സമർപ്പിത കർമ വൈവിധ്യങ്ങളുടെ സദ്ഫലങ്ങളാണ്…. ഇനിയും ചില സ്വപ്ന പദ്ധതികളുണ്ടായിരുന്നു, ആ മനസ്സിൽ. പക്ഷെ ശപിക്കപ്പെട്ട ആ രോഗം ഏട്ടനെ റാഞ്ചിയെടുത്തു. അപരിഹാര്യമായ നഷ്ടം ഞങ്ങൾ കുടുംബാംഗങ്ങൾക്കും പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും സമ്മാനിച്ചു കൊണ്ട്…. ചിലപ്പോഴെങ്കിലും വഴക്കു കൂടേണ്ടി വന്നിട്ടുണ്ട്…. അതുവഴിയുണ്ടായ രസക്കേട് ഉള്ളിലെ സ്‌നേഹ പ്രവാഹത്താൽ അലിയിച്ചു കളഞ്ഞിട്ടുമുണ്ട്….
ഈ കുറിപ്പ് ഒരു ജ്യേഷ്ഠനെക്കുറിച്ച് അനിയന്റെ വാഴ്ത്തലായി കാണരുത്. ഒരേ പ്രസ്ഥാനത്തിലെ മുതിർന്ന സഹ പ്രവർത്തകനെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലാണ്…. മാതൃകയാക്കാവുന്ന ഗുണങ്ങളുള്ള വിജയൻ മാസ്റ്റർ എന്ന കാര്യകർത്താവിനോടുള്ള ആദരവാണ്…. ഓർമകളിൽ എന്നും ഏട്ടൻ ജീവിക്കും. നേരിട്ടും അല്ലാതെയും ഞങ്ങളെ ചേർത്തു നിർത്തി ദു:ഖം പങ്കുവെച്ച അനവധി പേരുണ്ട്. എല്ലാവർക്കും നന്ദി…. നാളെയാണ് (10/06/2023 ശനി 8 am) സഞ്ചയനം. ഏവരുടെയും പ്രാർത്ഥനകളുണ്ടാവണം….
ഹൃദയപൂർവം…..
Discussion about this post