കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട തീവണ്ടിയുടെ കോച്ചിന് തീവച്ച കേസിലെ പ്രതി പ്രസോൺജിത്ത് സിദ്ഗർ തലശ്ശേരിയിൽ നിന്ന് കണ്ണൂരിലെത്തിയത് അതേ തീവണ്ടിയിൽ തന്നെയെന്ന് മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി പോലീസിന് നൽകുന്ന മൊഴിയിൽ പലപ്പോഴും വൈരുദ്ധ്യങ്ങളുള്ളത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
അതേസമയം തന്റെ ചുറ്റിലുമുള്ള ഉദ്യോഗസ്ഥരെ കുറിച്ച് പ്രതിക്ക് നല്ല അഭിപ്രായമാണെന്നാണ് പോലീസുകാർ പറയുന്നത്. കസ്റ്റഡിയിലുള്ള ഇയാൾ കഴിഞ്ഞ ദിവസം പോലീസുകാരോട് ഒരു ആവശ്യമുന്നയിച്ചു. ഇവിടെയുള്ളതൊക്കെ നല്ല ആൾക്കാരാണെന്നും, തനിക്ക് ഈ സ്‌റ്റേഷനിൽ ഒരു ജോലി തരാമോ എന്നുമാണ് പ്രസോൺജിത്ത് ചോദിച്ചത്. പ്രധാനമായും ഭക്ഷണത്തെക്കുറിച്ചാണ് ഇയാൾ സംസാരിക്കുന്നതെന്നും പോലീസുകാർ പറയുന്നു. റിമാൻഡ് ചെയ്ത സബ്ജയിലും പ്രസോൺജിത്തിന് ഇഷ്ടമായി. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ഉണ്ടെന്നായിരുന്നു ജയിൽ അധികൃതരോട് പ്രതി പറഞ്ഞത്.
ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി അച്ഛൻ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. പ്രതിയുടെ പശ്ചിമബംഗാളിലെ വീട്ടിൽ ചെന്നപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മാനസികപ്രശ്നങ്ങൾ കാരണം വീട്ടിൽ സ്ഥിരമായി താമസിക്കാറില്ല. പലയിടങ്ങളിലും അലഞ്ഞുനടക്കുന്ന സ്വഭാവവുമുണ്ട്. ഒരു ദിവസം വീട്ടിനകത്ത് ഹോമകുണ്ഡമുണ്ടാക്കി റേഷൻ കാർഡ്, ആധാർ കാർഡ്, കുടുംബാംഗങ്ങളുടെ തിരിച്ചറിയൽരേഖകൾ എന്നിവ അതിലിട്ട് കത്തിച്ചുവെന്നും ഇയാളുടെ അച്ഛൻ പറഞ്ഞു.
Discussion about this post