തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ചെലവാക്കിയത് കോടികൾ. ഒരു കോടിയിലധികം രൂപയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്ന് മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റായി കൈപ്പറ്റിയത്. മുൻ മന്ത്രിമാർ മുൻകാല പ്രാബല്യത്തോടെ വാങ്ങിയ 11 ലക്ഷം ഉൾപ്പെടെയാണ് റീ ഇംബേഴ്‌സ്‌മെന്റ് തുക ഒരു കോടിയിലെത്തി.
സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയതുമായി ബന്ധപ്പെട്ട വകയിൽ റീ ഇംബേഴ്‌സ്‌മെന്റ് കൈപ്പറ്റിയ വകയിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രി തന്നെയാണ്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചെലവാക്കിയ 29 ലക്ഷം ഉൾപ്പെടെ 31.77 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് വേണ്ടി സർക്കാർ ചെലവാക്കിയത്.
31.31 ലക്ഷം ചികിത്സാ ചെലവ് കൈപ്പറ്റിക്കൊണ്ട് മന്ത്രി കെ കൃഷ്ണൻകുട്ടി രണ്ടാം സ്ഥാനത്തുണ്ട്. വി.ശിവൻകുട്ടി 8.85 ലക്ഷവും അഹമ്മദ് ദേവർകോവിൽ 4 ലക്ഷവും കൈപ്പറ്റി. എന്നാൽ മന്ത്രിമാരിൽ ഏറ്റവും കുറവ് തുക ചികിത്സയ്ക്കായി കൈപ്പറ്റിയത് സജി ചെറിയാനാണ്. 12,096 രൂപയാണ് അദ്ദേഹം ചികിത്സയ്ക്കായി ആകെ ചെലവഴിച്ചത്. ചീഫ് വിപ്പ് എൻ.ജയരാജ് 11,100 രൂപ കൈപ്പറ്റി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആകട്ടെ 97,000 രൂപയും ചികിത്സയ്ക്കായി കൈപ്പറ്റി. മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് വാങ്ങാത്ത മന്ത്രിമാരുമുണ്ട്. കെ.രാജൻ, പി.പ്രസാദ്, കെ.ബാലഗോപാൽ എം.ബി.രാജേഷ്, വീണാ ജോർജ് എന്നിവരാണ് ചികിത്സയ്ക്കായി സർക്കാരിൽ നിന്ന് പണം കൈപ്പറ്റാത്തവർ എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
Discussion about this post