കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെയും പ്രതി ചേർത്ത് പോലീസ്. കോളജിലെത്തി വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെയാണ് പ്രതി ചേർത്തത്. ആർഷോ നൽകിയ പരാതിയിൽ മാർക്ക് ലിസ്റ്റ് തിരുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെയും പോലീസ് വേട്ടയാടാൻ ശ്രമിക്കുന്നത്.
കോളജ് പ്രിൻസിപ്പാൾ ഡോ. വി.എസ് ജോയിയാണ് കേസിൽ ഒന്നാം പ്രതി. അതേസമയം കേസ് എടുത്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്‌ഐആർ പുറത്തുവിടാതെ പോലീസ് രഹസ്യമാക്കി വെച്ചതും വിവാദമായി. ഒടുവിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് എഫ്‌ഐആർ പുറത്തുവിട്ടത്.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഇന്ന് പ്രിൻസിപ്പാളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോളജിലെത്തി അര മണിക്കൂറോളം എടുത്താണ് മൊഴി രേഖപ്പെടുത്തിയത്. അപ്പോഴും ആരൊക്കെയാണ് പ്രതികളെന്ന് വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ല.
എസ്എഫ്‌ഐ നേതാവായിരുന്ന കെ വിദ്യ ഗസ്റ്റ് ലക്ചറർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കോളജിലെ കെഎസ് യു പ്രവർത്തകർ ആർഷോയുടെ മാർക്ക് ലിസ്റ്റിന്റെ കാര്യം ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ശ്രദ്ധയിൽപെടുത്തുന്നത്. തുടർന്നാണ് സംഭവം വിവാദമായതും.
ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷാഫലത്തിൽ ആർഷോയുടെ മാർക്ക് ലിസ്റ്റിൽ വിഷയങ്ങൾക്ക് മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും റിസൾട്ട് എന്ന കോളത്തിൽ പാസ്ഡ് എന്ന് രേഖപ്പെടുത്തിയതാണ് വിവാദമായത്. സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന് പറഞ്ഞാണ് ആർഷോ പിന്നീട് പരാതി നൽകിയതും പിന്നാലെ ദ്രുതഗതിയിൽ അന്വേഷണം പ്രഖ്യാപിക്കുന്നതും.
Discussion about this post