തിരുവനന്തപുരം: പാങ്ങോട് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഭരതന്നൂർ സ്വദേശി വേണു രാജന്റെ വീടിന് മുകളിലൂടെയാണ് തെങ്ങ് വീണത്. സംഭവത്തിൽ ആളപായമില്ല.
വൈകീട്ടോടെയായിരുന്നു സംഭവം. ജില്ലയിൽ വൈകീട്ട് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. ഇതിനിടെ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. സംഭവ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതോടെ ഇവർ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല.
അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതി ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതും, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് കാലവർഷം ശക്തമാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post