തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി മുട്ടയുടെ വില ഉയരുന്നു. നിലവിൽ ഒരു കോഴി മുട്ടയ്ക്ക് ആറ് മുതൽ ആറര രൂപവരെയാണ് വിപണിയിൽ നൽകേണ്ടിവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വർദ്ധിച്ചുവരികയാണ്. ഇതിനിടെയാണ് മുട്ട വിലയും ഉയരുന്നത്.
അഞ്ച് രൂപയായിരുന്നു ഒരു മുട്ടയ്ക്കുണ്ടായിരുന്ന ഏറ്റവും ഉയർന്ന വില. എന്നാൽ കോഴി ഇറച്ചിയുടെ വില വർദ്ധിക്കാൻ ആരംഭിച്ചതോടെ ക്രമേണ മുട്ടവിലയും ഉയരുകയായിരുന്നു. ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതും തമിഴ്‌നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് നിലവിലെ വിലവർദ്ധനവിന് കാരണം എന്നാണ് വ്യാപാരികൾ പറയുന്നത്. വരും ദിവസങ്ങളിലും ഈ വില വർദ്ധനവ് തുടരുമെന്നും ഇവർ പറയുന്നു. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് സാധാരണയായി കേരളത്തിലേക്ക് മുട്ട കൊണ്ടുവരാറുള്ളത്.
മുട്ടയുടെ വരവ് കുറഞ്ഞതിന് പുറമേ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിച്ചതും വില വർദ്ധനവിലേക്ക് നയിച്ചിട്ടുണ്ട്. കയറ്റുമതി വർദ്ധിച്ചതിനാൽ മുട്ട സുലഭമായി ലഭിക്കാനില്ലെന്നാണ് മൊത്തവിൽപ്പനക്കാർ പറയുന്നത്. ചൂട് കാലാവസ്ഥയാണ് മുട്ട ഉത്പാദനം കുറയാൻ കാരണം എന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post