തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളം.വളരെ സ്വതന്ത്രമായിട്ടാണ് കേരളത്തിൽ മാദ്ധ്യമങ്ങൾ സർക്കാരിനെ വിമർശിക്കുന്നത്. ഉള്ളത് മാത്രമല്ല , ഇല്ലാത്തത് പറയാനും കേരളത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി എംബി രാജേഷ്. ഇന്ത്യയിലാകമാനം മാദ്ധ്യമപ്രവർത്തകർക്ക് നേരിടുന്ന ഭീഷണിയോ ആക്രമണമോ കേരളത്തിലെ പത്രപ്രവർത്തകർക്ക് നേരിടേണ്ടിവരുന്നില്ലെന്നും രാജേഷ് ന്യായീകരിച്ചു.
ചില കാര്യത്തിൽ പോലീസിൻറെ നടപടികൾ വൈകുന്നുവെന്ന് നിങ്ങൾ പറയും. നിങ്ങൾക്ക് താത്പര്യമില്ലാത്ത സംഭവമാകുമ്പോൾ പോലീസ് ധൃതിപിടിച്ച് നടപടി എടുത്തു എന്ന് പറയുന്നത് ശരിയാണോ എന്നും രാജേഷ് ചോദിച്ചു. കേസിൽ എഫ്ഐആർ ഇട്ട ഉടൻ തന്നെ ഒന്നാം പ്രതിയെയും രണ്ടാം പ്രതിയെയും ചോദ്യം ചെയ്തല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് രാജേഷ് മറുപടി പറഞ്ഞത്. അങ്ങനെ എങ്കിൽ എന്തുകൊണ്ടാണ് വിദ്യയെ അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യത്തിന് മന്ത്രി ന്യായീകരണങ്ങൾ നിരത്തി രക്ഷപ്പെടുകയായിരുന്നു.
കേരളത്തിൽ ഒരു മുൻ മന്ത്രിയെ ഇഡി ചോദ്യം ചെയ്തു. ഇതൊന്നും കേരളത്തിൽ വാർത്തയായില്ല. സെലക്ടീവ് ആയിട്ടുളള കാര്യങ്ങൾ മാത്രം മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുകയാണെന്നും രാജേഷ് ആരോപിച്ചു. മാദ്ധ്യമപ്രവർത്തകരുടെ കാഴ്ച ഭാഗീകമാണെന്നും രാജേഷ് വിമർശനമുന്നയിച്ചു. മുൻമന്ത്രിയെ ഇഡി ചോദ്യം ചെയ്തത് രാത്രി ചർച്ചകളിൽ കണ്ടില്ല. കോളേജിൽ പഠിച്ചസമയത്ത് എസ്എഫ്ഐ ആയി എന്നതിൻറെ പേരിൽ ഇപ്പോൾ ഒരാൾ ഒരു തെറ്റ് ചെയ്തു. അയാളെ ആരും ന്യായീകരിച്ചിട്ടില്ല, സംരക്ഷിക്കാനും വന്നിട്ടില്ല. എന്നാൽ മാദ്ധ്യമപ്രവർത്തകർ അതിനെ ആഘോഷിക്കുകയാണ് രാജേഷ് ന്യായീകരിച്ചു.
Discussion about this post