പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും, ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വയ്ക്കുന്നത് നീതിയെ പരിഹസിക്കുന്ന നടപടിയാണെന്നും ഹർജിയിൽ പറയുന്നു.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് വിദ്യയ്‌ക്കെതിരെയുള്ള കേസ്. അതേസമയം അന്വേഷണസംഘം ഇന്ന് അട്ടപ്പാടി കോളേജിലെത്തി പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ നേരിട്ടെത്തിയാകും മൊഴിയെടുക്കുന്നത്. ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അന്വേഷണസംഘം വിവരം ശേഖരിക്കും.
മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അഗളി ഡിവൈഎസ്പിയാകും മൊഴി രേഖപ്പെടുത്തുന്നത്. വിദ്യ പിഎച്ച്ഡി ചെയ്യുന്ന കാലടി സർവ്വകലാശാലയിലും സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് ഓൺലൈനായി യോഗം ചേരുന്നുണ്ട്. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്യും.
Discussion about this post