കൊടുങ്ങല്ലൂർ: ശ്രീനാരയണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്.മാലിന്യം നിക്ഷേപിക്കാൻ പുരയിടത്തിൽ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്.
കളിമൺ റിംഗുകൾ ഉപയോഗിച്ച് നിർമ്മിച്ച കിണറിന് കാലപ്പഴക്കത്തിലും കേടുപാടുകളില്ല. അടുത്തിടെ തമിഴ്നാട് കീലടിയിലെ ഉദ്ഖനനത്തിൽ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിനോട് സാമ്യമുണ്ട്.
കളിമണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ട് റിങ്ങുകൾ കൊണ്ടാണ് കിണർ നിർമ്മിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് ഏഴടി താഴ്ചയിൽ ആരംഭിക്കുന്ന കിണറിന് കാലപ്പഴക്കം ഏറുമെന്നാണ് നിഗമനം. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡിസ് ഡയറക്ടർ എം.ആർ രാഘവ വാര്യർ ഉൾപ്പെടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും സ്ഥലം സന്ദർശിച്ചു
അഡ്വാൻസ് കാർബൺ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.
തൃക്കണാ മതിലകവും, മുസിരിസും ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ചാൽ പ്രാചീന-പരിഷ്‌കൃത സമൂഹം ഇവിടെ താമസിച്ചിരുന്നതിന്റെ സൂചനയാണ് കളിമൺ കിണറെന്ന് വിദഗ്ധർ കണക്കുകൂട്ടുന്നു.
Discussion about this post