ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ എംവി നികേഷ് കുമാറും അദ്ധ്യക്ഷ പ്രസംഗം നടത്തിയ സ്പീക്കർ എ.എൻ ഷംസീറും സംഘാടകരും ഉൾപ്പെടെ പിണറായി സ്തുതികളുമായി ഇഞ്ചോടിഞ്ച് മത്സരിച്ചു.
അസാമാന്യമായ ഇച്ഛാശക്തിയും മനക്കരുത്തും കൊണ്ട് പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മാറ്റിമറിച്ചുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദം പിണറായി ഏറ്റെടുത്തതെന്ന് പറഞ്ഞാണ് സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. പിണറായിയുടെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്ന വാക്കില്ല. എല്ലാം പോസിബിൾ ആണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി ഒരു രാഷ്ട്രത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതെന്ന് അങ്ങനൊരു ചരിത്ര സംഭവത്തിനാണ് ടൈംസ് സ്‌ക്വയർ സാക്ഷ്യം വഹിക്കുന്നതെന്നും ഷംസീർ അവകാശപ്പെട്ടു. ലോകത്ത് മലയാളികൾ എവിടെയെല്ലാം ഉണ്ടോ അവർ ആവേശത്തോടെ ഓർക്കുന്ന പേരായി പിണറായി വിജയന്റെ പേര് മാറിയതിൽ നമുക്ക് അഭിമാനിക്കാമെന്നും ഷംസീർ പറഞ്ഞു.
കോവിഡ് പിടിച്ചുകുലുക്കിയപ്പോൾ ലോകത്തെ ജനങ്ങൾ ശ്രദ്ധിച്ചത് കേരളത്തെ ആയിരുന്നു. പ്രവാസികൾ ആഗ്രഹിച്ചത് ജൻമനാട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു. അതിന് കാരണം കേരളത്തിന്റെ ആരോഗ്യമേഖല ആയിരുന്നുവെന്നും ഷംസീർ പറയുന്നു. കേരളം എന്തുകൊണ്ട് ലോകത്തിന് മാതൃകയായി എന്ന് ചോദിച്ചാൽ കേരളത്തിന്റെ സമ്പദ് ഘടനയും സാമൂഹ്യമുന്നേറ്റവും ആണെന്നും ലോക കേരള സഭയുടെ അദ്ധ്യക്ഷൻ കൂടിയായിരുന്ന സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.
ലോകരാജ്യങ്ങൾക്കൊപ്പം മത്സരിക്കുന്ന നിലയിലേക്ക് കേരളത്തെ ഒന്നാമത് എത്തിക്കുന്നതാണ് ലോക കേരള സഭയുടെ രാഷ്ട്രീയമെന്നും വിദ്യാഭ്യാസത്തിൽ ലോകത്തിന് മാതൃകയാണ് കേരളമെങ്കിൽ ആ മാതൃക കേരളത്തിൽ തുടരുകയാണ് ലോക കേരള സഭ ലക്ഷ്യം വെക്കുന്നതെന്നും ഷംസീർ പറഞ്ഞു.












