കണ്ണൂർ: പി.എം. ആർഷോയുടെ പരാതിയിൽ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സംഭവം സ്വാഭാവിക നടപടി മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.സാധാരണ അന്വേഷണ നടപടി മാത്രമാണ് മാദ്ധ്യമ പ്രവർത്തകയുടെ കാര്യത്തിലുള്ളത്. പരാതി കിട്ടിയാൽ അന്വേഷിക്കണ്ടേയെന്നും ഇ.പി. ചോദിച്ചു.
മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എല്ലാ കാലത്തും മാദ്ധ്യമ സംരക്ഷണത്തിന് വേണ്ടി പാർട്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും ജയരാജൻ അവകാശ വാദം ഉന്നയിച്ചു. ഹത്രാസ് കലാപഗൂഢാലോചന കേസിൽ പിടിയിലാണ് സിദ്ധിഖ് കാപ്പൻറെ വിഷയം ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമസ്വാതന്ത്ര്യത്തെ സിപിഎം സംരക്ഷിക്കുന്നതെങ്ങനെയെന്ന് ജയരാജൻ വ്യക്തമാക്കിയത്. സിദ്ധിഖ് കാപ്പന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് സിപിഎമ്മാണ്. അക്കാര്യം മറന്ന് സിപിഎമ്മിനെ ആക്ഷേപിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇ.പി പറഞ്ഞു.
മാദ്ധ്യമ വേട്ടയ്ക്ക് പ്രോത്സാഹനം നൽകിയ യുഡിഎഫുകാർ ഇപ്പോൾ സംരക്ഷകരുടെ വേഷത്തിൽ എത്തിയിരിക്കുകയാണ്. പരാതി കൊടുത്താൽ അന്വേഷണം നടത്തും. അന്വേഷണത്തിൽ രേഖകളും തെളിവുകളുമുണ്ടെങ്കിൽ കേസെടുക്കുമെന്നും അന്വേഷണ നടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. അതേ സമയം ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ്സെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെയുഡബ്ലൂജെ തിരുവനന്തപുരത്തും ,എറണാകുളത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
Discussion about this post