കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ നൽകിയ കസേര സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ജയശങ്കറിന്റെ പോസ്റ്റ്.
“ഇത്ര ധന്യത തികഞ്ഞു കാൺകയില്ലത്ര നൂനമൊരു സാർവ്വഭൗമനിൽ.. ന്യൂയോർക്കിലെ ജനത്തിരക്കേറിയ ടൈം സ്‌ക്വയറിൽ, മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി” എന്നായിരുന്നു ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
ടൈംസ് സ്‌ക്വയർ വേദിയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ നൽകിയത് നാട്ടിൽ പഴയകാലത്ത് സജീവമായിരുന്ന ഇരുമ്പ് കസേരയുടെ രീതിയിലുളള കസേരയാണ്. ഇതിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളാണ് ട്രോളൻമാർ ആഘോഷമാക്കിയത്. കോടികൾ മുടക്കി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ നല്ല ഒരു കസേര പോലും നൽകിയില്ലെന്ന വിമർശനങ്ങളും ഉയർന്നു.
ടൈംസ് സ്‌ക്വയറിൽ നടന്നത് കവലപ്രസംഗമാണെന്ന് പോലും സമൂഹമാദ്ധ്യമങ്ങൾ വിമർശിച്ചു. ‘ഇരിക്കാൻ ലക്ഷ്വറി കസേര നൽകിയിട്ടും വിനയത്തോടെ ഇരുമ്പ് കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറലായി’ എന്നായിരുന്നു ചില ട്രോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.
Discussion about this post