തൃശൂർ: കേരളത്തിൽ മലയാളികൾ ആസ്വദിച്ച് കഴിക്കുന്ന പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലും വിഷത്തിന്റെ അളവ് കൂടുതലെന്ന് റിപ്പോർട്ട്. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാർഷിക സർവ്വകലാശാല തുടർച്ചയായി നടത്തുന്ന പഠനത്തിലാണ് വിപണയിൽ സുലഭമായ പഴം,പച്ചക്കറി എന്നിവയിൽ വൻതോതിൽ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയത്.
35 ശതമാനത്തോളമാണ് പച്ചക്കറിയിലെ വിഷാംശം എന്നറിയുമ്പോഴാണ് ആസ്വദിച്ച് കഴിക്കുന്നവ പലതും വിഷമാണെന്ന് മനസിലാവുക. പൊതുവിപണികൾ, കൃഷിയിടങ്ങൾ, ഇക്കോഷോപ്പുകൾ, ‘ജൈവം’ എന്ന ലേബലിൽ ഉല്പന്നങ്ങൾ വിൽക്കുന്ന വിപണികൾ എന്നിവിടങ്ങളിൽ നിന്നാണ് പഠനത്തിന് ആവശ്യമായ പച്ചക്കറികൾ ശേഖരിച്ചത്.
ഏപ്രിൽ 2022 മുതൽ സെപ്തംബർ 2022 വരെ പരിശോധന നടത്തിയ 868 ഭക്ഷ്യ വസ്തുക്കളുടെ
സാമ്പിളുകളിൽ 556 ഉം (64.06%) കീടനാശിനി വിമുക്തമായിരുന്നതായി കണ്ടെത്തി.പരിശോധിച്ച 31.97% പച്ചക്കറികളിലും, 16.83% പഴവർഗ്ഗങ്ങളിലും, 77.50% സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. പൊതുവിപണി (35.51%) യുമായി താരതമ്യം ചെയ്യുമ്പോൾ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച പച്ചക്കറികളിലും (27.47%), ഇക്കോഷോപ്പുകളിലെ പച്ചക്കറികളിലും (26.73%), ‘ജൈവം’ എന്ന ലേബലിൽ വിൽക്കുന്നവയിലും (20%) കീടനാശിനി സാന്നിദ്ധ്യം കുറവുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.
കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവർഗ്ഗങ്ങളിലാകട്ടെ,
യാതൊരുവിധ കീടനാശിനിയും കണ്ടെത്തിയിട്ടില്ല.
പൊതുവിപണിയിൽ നിന്നും ശേഖരിച്ച 35.51% പച്ചക്കറികളിലും കീടനാശിനി അവശിഷ്ടം കണ്ടെത്തുകയുണ്ടായി. പച്ചചീര, ബജിമുളക്, കാപ്‌സിക്കം (മഞ്ഞ), കാപ്‌സിക്കം (പച്ച), കാപ്‌സിക്കം (ചുവപ്പ്), സെലറി, പച്ചച്ചീര എന്നീ പച്ചക്കറികളിലെ ശേഖരിച്ച എല്ലാ സാമ്പിളുകളിലും കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തി. ബ്രോക്കോളി, വഴുതന, സാമ്പാർ മുളക്, മല്ലിയില, കറിവേപ്പില, നെല്ലിക്ക, പച്ചമുളക്, ലെറ്റുസ്, പുതിനയില, സലാഡ്‌വെള്ളരി, ഉള്ളിപ്പൂവ്, പയർ എന്നിവയുടെ ശേഖരിച്ച 50% ത്തിൽ അധികം സാമ്പിളുകളിലും കീടനാശിനികൾ കണ്ടെത്തുകയുണ്ടായി.
കുമ്പളം, കാബേജ് (വയലറ്റ്), ചൗ ചൗ, അമരയ്ക്ക, ചേന, ഇഞ്ചി, വെളുത്തുള്ളി, ഏത്തക്കായ്, കോളീഫ്‌ളവർ, ചെറിയഉള്ളി, സവാള, ഉരുളകിഴങ്ങ്, മത്തൻ, പീച്ചിങ്ങ എന്നിവയിൽ കീടനാശിനി അവശിഷ്ടം കണ്ടെത്തിയിട്ടില്ല.
കീടനാശിനി അവശിഷ്ട പരിശോധനയ്ക്ക് വിധേയമാക്കിയ 84 പഴവർഗ്ഗങ്ങളിൽ 16 എണ്ണത്തിൽ വിഷാംശം കണ്ടെത്തി (19.05%). റോബസ്റ്റ, സപ്പോട്ട, മുന്തിരി (പച്ച) എന്നിവയിലെ ശേഖരിച്ച 50% ത്തിൽ അധികം സാമ്പിളുകളിലും കീടനാശിനികൾ കണ്ടെത്തുകയുണ്ടായി.ആപ്പിൾ (പച്ച),ഡ്രാഗൺ ഫ്രൂട്ട്, കിവി, മാങ്ങ, മുസാംബി, ഏത്തൻ പഴം, ഓറഞ്ച്, പപ്പായ, കൈതചക്ക, മാതളം,സബർജല്ലി എന്നിവയുടെ സാമ്പിളുകളിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയില്ല.
പൊതുവിപണിയിൽ നിന്നും ശേഖരിച്ച 41 സുഗന്ധവ്യഞ്ജനങ്ങളിൽ 27 എണ്ണത്തിൽ ആണ് (65.85%) കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയിട്ടുള്ളത്. ഏലക്കാ, ചതച്ചമുളക്, കാഷ്മീരിമുളക് എന്നിവയിലെ ശേഖരിച്ച എല്ലാസാമ്പിളുകളിലും കീടനാശിനി അവശിഷ്ടവിഷാംശം കണ്ടെത്തി.മുളക്‌പ്പൊടി, മല്ലിപ്പൊടി, ജീരകം, പെരുംജീരകം, കസൂരിമേത്തി എന്നിവയുടെ ശേഖരിച്ച 50% ത്തിൽ അധികം സാമ്പിളുകളിലും കീടനാശിനികൾ കണ്ടെത്തുകയുണ്ടായി. എന്നാൽ കുരുമുളക്,
ഗ്രാമ്പു, മുളക് എന്നിവയിൽ ഒന്നും തന്നെ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല
Discussion about this post