കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷ എഴുതാതെ പാസായ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത പോലീസിനെ വിമർശിച്ച് അഡ്വ. എ ജയശങ്കർ. മഹാരാജാസ് കോളജിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി നോക്കിയാൽ സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് പരാതി കൊടുക്കേണ്ടത്. പക്ഷെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് ഡിജിപിയെ മാത്രമേ വിശ്വാസമുളളൂവെന്നും അതുകൊണ്ടാണ് പരാതി നേരിട്ട് അങ്ങോട്ട് അയച്ചതെന്നും ജയശങ്കർ പരിഹസിച്ചു.
ഇടത് സർക്കാരിന്റെ മാദ്ധ്യമവേട്ടയ്‌ക്കെതിരെ എറണാകുളത്ത് ഫോറം ഫോർ പ്രസ്സ് ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ നേരിട്ട് പരാതി കൊടുത്താൽ ഒന്നും നടക്കില്ലെന്ന് അറിയാം. ഇന്ത്യൻ പീനൽ കോഡ് പ്രകാരമുളള നടപടിയല്ലേ പോലീസുകാർക്ക് സ്വീകരിക്കാൻ പറ്റൂ. പക്ഷെ ഡിജിപിക്ക് ഐപിസിയല്ല, പിപിസി അഥവാ പിണറായി പീനൽ കോഡാണ് ബാധകം. ആർഷോയുടെ പരാതി ലഭിച്ച ഉടൻ ചാടിയെഴുന്നേറ്റ് സല്യൂട്ട് ചെയ്ത ഡിജിപി സെൻട്രൽ പോലീസ് സ്‌റ്റേഷനിലേക്ക് അത് അയയ്ക്കുകയും ചെയ്തു.
ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറും രസകരമാണെന്ന് ജയശങ്കർ പരിഹസിച്ചു. സകലഗുണ സമ്പന്നനായ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയെ പൂട്ടാൻ കോളജിന്റെ പ്രിൻസിപ്പാളും പരീക്ഷയുടെ കോർഡിനേറ്ററായ അദ്ധ്യാപകനും ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ഇത്തരമൊരു അപഖ്യാതി പടച്ചുവിട്ട് മര്യാദാപുരുഷോത്തമനായ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയെയും എസ്എഫ്‌ഐയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി.
പ്രതികളായ കെഎസ്‌യുക്കാരുടെ പേരിൽ പോലും ഗൂഢാലോചന ഇല്ല. അത് പ്രചരിപ്പിച്ചുവെന്ന കുറ്റമാണ് മാദ്ധ്യമപ്രവർത്തകർക്കും കെഎസ്‌യുക്കാർക്കുമെന്നും ജയശങ്കർ പറഞ്ഞു. എന്തുകൊണ്ടാണ് മാദ്ധ്യമപ്രവർത്തകയിൽ മാത്രം ഒതുങ്ങിയതെന്നും ക്യാമറാമാനെയും എഡിറ്ററെയും വാർത്ത കണ്ടവരെയുമെല്ലാം പ്രതിയാക്കണമെന്നും വൈകാതെ അങ്ങനെ സംഭവിക്കുമെന്നും ജയശങ്കർ പറഞ്ഞു.
പരിപാടിയിൽ കേരള ഹൈകോടതി റിട്ട. ജഡ്ജി പി.എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് രാധാകൃഷ്ണൻ, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു. എം.ആർ. കൃഷ്ണകുമാർ സ്വാഗതവും കെ.എൻ.ദേവകുമർ നന്ദിയും രേഖപ്പെടുത്തി.
Discussion about this post