കൊച്ചി: മോദി സർക്കാറിന്റെ മറ്റൊരു വികസന വിപ്ലവമാണ് വൈദ്യുതി സ്മാർട്ട് മീറ്ററെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടി. ഉപഭോക്താവിനെ ബോർഡിന് കൊളളയടിക്കാൻ പറ്റില്ല. വൈദ്യുതി ഉപയോഗം വീട്ടുകാർക്ക് വിരൽ തുമ്പിൽ നിയന്ത്രിക്കാവുന്ന ഹൈടെക് പരിഷ്‌കാരമാണിതെന്നും എപി അബ്ദുളളക്കുട്ടി വിശദീകരിച്ചു.
കേരളത്തിൽ സമാർട്ട് മീറ്ററുകൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളുമായി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അബ്ദുളളക്കുട്ടിയുടെ പ്രതികരണം. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവർ മുൻനിലപാടിൽ നിന്ന് മാറാൻ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച വഴിമുട്ടിയത്.
എന്നാൽ മന്ത്രി കൃഷ്ണൻ കുട്ടി എളമംകരീമിന്റെ നേതൃത്വത്തിലുള്ള ‘ട്രേഡ് യൂണിയൻ മാടമ്പിമാരുടെ മുന്നിൽ പേടിച്ച് പരിഷ്‌കരണത്തിൽ നിന്ന് പിൻമാറിയ മട്ടാണെന്ന് അബ്ദുളളക്കുട്ടി വിമർശിച്ചു. ഇങ്ങനെ പോയാൽ കരീമും കൂട്ടരും കെഎസ്ഇബിയെ മറ്റൊരു കെഎസ്ആർടിസിയാക്കുമെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു.
പ്രീ പെയ്ഡ് ടിവിയും ഫോണും പോലെ റീച്ചാർജ്ജ് ചെയ്യാൻ പറ്റുന്നതാണ് സ്മാർട്ട് മീറ്ററിലൂടെ വരുന്ന മാറ്റം. അത്തരം വൻ മാറ്റത്തെയാണ് പിൻന്തിരിപ്പൻമാർ തടയുന്നത്. പണ്ട് കമ്പ്യൂട്ടർവൽക്കരണം നാശത്തിലേക്ക് എന്ന് നാടു മുഴുവൻ നടന്ന് ക്ലാസ് എടുത്ത ചരക്കാണ് ഈ എളമരം. ഈ ‘മര’ത്തിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാൻ പറ്റില്ലെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു.
വലിയ വികസന നായകൻ എന്ന് സ്വയം അഭിമാനിക്കുന്ന, അക്കാര്യം ടൈംസ് സ്‌ക്വയറിൽ വരെ ഉത്ഘോഷിച്ച മുഖ്യൻ പിണറായിയുടെ ഈ വിഷയത്തിലുളള അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും കോടികളുടെ കേന്ദ്ര സബ്‌സിഡി കളഞ്ഞു കുളിക്കുന്ന ഈ തോന്ന്യാസത്തോട് യുഡിഎഫിന്റെ പ്രതികരണം എന്താണെന്നും അബ്ദുളളക്കുട്ടി ചോദിച്ചു.
കേന്ദ്രവുമായി കരാർ ഒപ്പുവെച്ചതിനാൽ പദ്ധതി നടപ്പിലാക്കാൻ ബാദ്ധ്യതയുണ്ടെന്ന് ആയിരുന്നു കെഎസ്ഇബിയുടെയും സർക്കാരിന്റെയും നിലപാട്.
Discussion about this post