എറണാകുളം: മഹാരാജാസ് കോളേജിൽ തനിക്ക് ഒന്നര വർഷത്തിലധികം അദ്ധ്യാപന പരിചയം ഉണ്ടെന്ന് എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. അഭിമുഖത്തിനായി സമർപ്പിച്ച ബയോഡേറ്റയിലാണ് മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിട്ടുള്ളതായി വിദ്യ വ്യക്തമാക്കിയിട്ടുള്ളത്. മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായി 20 മാസം ജോലി ചെയ്തുവെന്നാണ് ബയോഡാറ്റയിൽ ഉള്ളത്.
അട്ടപ്പാടി കോളേജിൽ അഭിമുഖ സമയത്ത് സമർപ്പിച്ച ബയോഡാറ്റയിലാണ് ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ മറ്റ് കോളേജുകളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും വിദ്യ സമർപ്പിച്ചിട്ടുണ്ട്. പത്തിരിപ്പാല കോളേജിന്റെയും കാസർകോട് കരിന്തളം കോളേജിന്റെയും വിവരങ്ങളാണ് സർട്ടിഫിക്കേറ്റിൽ ഉള്ളത്.
അതേസമയം അട്ടപ്പാടി കോളേജിൽ വിദ്യ അഭിമുഖത്തിനായി എത്തിയ വാഹനത്തിന്റെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. മണ്ണാർക്കാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് വിദ്യ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ആരാണ് വാഹനം ഓടിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post