കണ്ണൂർ: കണ്ണൂർ പെരിങ്ങോമിൽ സിപിഎമ്മിന്റെ യുവ പ്രാദേശിക നേതാക്കൾ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് കമ്മിറ്റിയംഗത്തിനെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. അതേസമയം കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കേണ്ട ഗൗരവമായ തട്ടിപ്പ് നടന്നിട്ടും പാർട്ടി തലത്തിൽ നടപടി ഒതുക്കി നേതാക്കളെ നിയമത്തിന് മുൻപിലേക്ക് വിട്ടുകൊടുക്കാതിരിക്കാനാണ് സിപിഎം നീക്കമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പെരിങ്ങോം സിപിഎമ്മിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ അഖിൽ, സേവ്യർ, റാംഷ എന്നിവരെയും ബ്രാഞ്ച് കമ്മിറ്റിയംഗം കെ സകേഷിനെയുമാണ് പുറത്താക്കിയത്. എൽഡിഎഫിലെ ഘടകകക്ഷി നേതാവിന്റെ മകനും ഇവരുമായി നടത്തിയ ബിസിനസ് ആണ് സാമ്പത്തിക തട്ടിപ്പിലേക്കും കോടികളുടെ ക്രമക്കേടിലേക്കും എത്തിയത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരസ്പരം തർക്കമുണ്ടാകുകയും ഘടകകക്ഷി നേതാവിന്റെ മകനെ സംഘം ചേർന്ന് അപകടത്തിലൂടെ വധിക്കാൻ ശ്രമിക്കുകയുമായിരുന്നു. വാഹനാപകടത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഘടകകക്ഷി നേതാവിന്റെ മകൻ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവം അപകടമല്ല, വധശ്രമമാണെന്ന് ബോധ്യപ്പെട്ടത്. ഇത് അറിഞ്ഞതോടെ ഈ നേതാവാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകിയത്.
തുടർന്ന് കണ്ണൂരിൽ നിന്നുളള സംസ്ഥാന സമിതിയംഗത്തെ രഹസ്യമായി അന്വേഷണം നടത്താൻ പാർട്ടി ചുമതലപ്പെടുത്തി. ഇതിലാണ് തട്ടിപ്പ് നടന്നതായി തെളിവുകൾ ലഭിച്ചത്. എത്ര കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന കാര്യം പുറത്തുവന്നിട്ടില്ല. ഘടകകക്ഷി നേതാവായതുകൊണ്ടു തന്നെ നിയമ സംവിധാനത്തിൽ പരാതികളെത്താതെ പ്രശ്‌നം ഒതുക്കാനും പാർട്ടി ഇടപെടുന്നുണ്ടെന്നാണ് സൂചന.
Discussion about this post