പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം കൂടി. അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 27 കടന്നു.
എലിപ്പനി ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാജൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഉച്ചയോടെയായിരുന്നു മരണം. സംസ്ഥാനത്ത് നിലവിൽ 13 പേരാണ് എലിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നത്.
അതേസമയം ഡെങ്കിപ്പനിയെ തുടർന്നുള്ള ഒരു മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോൻ (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ ഡെങ്കിബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഒരാഴ്ച മുൻപാണ് ജിനുവിന് കടുത്ത പനി അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ പിന്നീട് പാലക്കാട്ടെ ആശുപത്രിയിൽ നിന്നും ജിനുമോനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ആയിരുന്നു ജിനു മരിച്ചത്.
അതേസമയം മഴക്കാലമായതോടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന സ്ഥിതിയാണ് ഉള്ളത്. നിരവധി പേർ ഇതിനോടകം തന്നെ പകർച്ച വ്യാധികളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. വരും ദിവസങ്ങളിലും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിവരം.
Discussion about this post