പത്തനംതിട്ട; ജനങ്ങളെ ഭീതിയിലാഴ്ത്തി പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിനിടെ ബംഗാൾ സ്വദേശി ടിങ്കുവിന് കുത്തേൽക്കുകയും ചെയ്തു. നഗരത്തോട് ചേർന്ന കണ്ണങ്കരയിലാണ് സംഭവം.
ഞായറാഴ്ച ഈ മേഖലയിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങുകയും ഇവിടെ തമ്പടിച്ച് തല്ലുണ്ടാക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും നാട്ടുകാരുമായും ഇവർ തർക്കത്തിലേർപ്പെടാറുണ്ട്. നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുളള സ്ഥലമാണിവിടെ. എന്നിട്ടും ഇവരെ നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കണ്ണങ്കരയുടെ സമീപപ്രദേശമായ വലഞ്ചൂഴിയിൽ താമസിക്കുന്നവരാണ് ഇവർ. ഇവിടെ നിന്നും നഗരത്തിലെത്തിയ സംഘം ബാറിൽ നിന്നും മദ്യപിച്ച ശേഷം പരസ്പരം തർക്കം ഉണ്ടാകുകയായിരുന്നു. ആദ്യം കമ്പും കല്ലും കൊണ്ടായിരുന്നു ഏറ്റുമുട്ടൽ. ഇതിന് ശേഷമാണ് സംഘത്തിലെ ഒരാൾ കത്തി പുറത്തെടുത്തത്.
കത്തി പുറത്തെടുത്തതോടെ ഒപ്പമുണ്ടായിരുന്നവർ പലപ്പോഴും ഇയാളുടെ കൈകൾ പിടിച്ചുമാറ്റുന്നത് വീഡിയോയിൽ കാണാം. പലപ്പോഴും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ നാട്ടുകാർ തന്നെ താക്കീത് ചെയ്യേണ്ട സാഹചര്യവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് മേഖലയിലെ കടക്കാർ പറയുന്നു.
Discussion about this post