തിരുവനന്തപുരം; മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനിയും വ്യാപകമാവുകയാണ്. നിരവധിപേരാണ് ദിവസവും ചികിത്സതേടി ആശുപത്രികളിൽ എത്തുന്നത്. വിദ്യാർത്ഥികളിൽ നിന്നാണ് കൂടുതലും വീടുകളിലേക്ക് പനി എത്തുന്നത്. ക്ലാസുകളിൽ ഒന്നോ രണ്ടോ പേർക്ക് പനിയുണ്ടായാൽ മതി , അത് മറ്റ് കുട്ടികളിലേക്കും വ്യാപിക്കുന്ന അവസ്ഥയാണ്. പനിവന്നുകഴിഞ്ഞാൽ വൈറൽ പനിയാണെന്ന് പറഞ്ഞ് നിസാരമായി കാണുന്ന പ്രവണതയാണ് കണ്ടു വരുന്നത്. എന്നാൽ ഇതിനെതിരെ മുന്നറിയിപ്പുമായി എത്തുകയാണ് ആരോഗ്യവകുപ്പ്.
പനി എച്ച്1 എൻ1 ആകാനുള്ള സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. പല ജില്ലകളിലും എച്ച്1എൻ1 പനി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിൻറെ മുന്നറിയിപ്പ്. പെട്ടെന്നുണ്ടാകുന്ന ചൂട് , ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ വളരെ പെട്ടെന്നു തന്നെ ഡോക്ടറെ സമീപിക്കണം.
ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസിനുമുകളിലുള്ള വർ, പൊണ്ണത്തടിയുള്ളവർ, മറ്റു ഗുരുതരരോഗമുള്ളവർ എന്നിവർ പനി വന്നുകഴിഞ്ഞാൽ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി ചികിത്സ നേടാതിരുന്നാൽ ആരോഗ്യ സ്ഥിതി ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. ഇത് മരണകാരണമാവുകയും ചെയ്യാം. എത്രയും വേഗം വിദഗ്ദ്ധ ചികിത്സ തേടാൻ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിൻറെ നിർദ്ദേശം.
ആന്റിബയോട്ടിക്കുകൾ ഇതിനെതിരേ ഫലപ്രദമല്ല. എച്ച്1 എൻ1 ഇൻഫ്‌ളുവൻസയ്ക്ക് ഫലപ്രദ മരുന്നായ ഒസൾട്ടമാവിർ എന്ന ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. എച്ച്1എൻ1 ഇൻഫ്‌ളുവൻസ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. പനിബാധിതർ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കാനും അടിക്കടി സോപ്പുപയോഗിച്ച് കൈ കഴുകാനും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം.
Discussion about this post