തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം ഇഷ്ടപ്രകാരം കാമുകനെ വിവാഹം കഴിക്കാൻ എത്തിയ പ്രായപൂർത്തി ആയ പെൺകുട്ടിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി പോലീസ്. കോവളം പോലീസ് സ്‌റ്റേഷന് മുമ്പിലാണ് നിയമത്തെ നോക്കു കുത്തിയാക്കിയുള്ള സംഭവങ്ങൾ അരങ്ങേറിയത്.
കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ, അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തുകയായിരുന്നു. തുടർന്ന് അന്ന് വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിൻറെ വീട്ടുകാരും കോവളം പോലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മദ്ധ്യസ്ഥതയിൽ ചർച്ച നടത്തി. തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹത്തിനായി അൽഫിയയും അഖിലും ക്ഷേത്രത്തിലെത്തി. എന്നാൽ ഇതിന് തൊട്ടുമുൻപ് കായംകുളത്ത് നിന്നുള്ള പോലീസ് സംഘം ക്ഷേത്രത്തിൽ എത്തി അൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടർന്ന് അൽഫിയയെ കോവളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പോലീസ് സ്റ്റേഷനിൽ എത്തി. ഇവിടെ വെച്ചും അൽഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും പെൺകുട്ടിയോട് ആക്രോശിച്ച് ബലമായി അൽഫിയയെ കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു.
കായംകുളം പോലീസിന്റെ ബലപ്രയോഗത്തിൻറെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മാൻ മിസ്സിങ്ങിന് കേസെടുത്തിട്ടുള്ളതിനാൽ പെൺകുട്ടിയെ കൊണ്ടുപോയെ പറ്റു എന്നാണ് പോലീസ് പറയുന്നത്.
Discussion about this post