എവിടെ ചെന്നാലും എന്നെ കൊതുക് തിരഞ്ഞുപിടിച്ച് കടിക്കുമെന്നത് ചിലരുടെ സ്ഥിരം പരാതിയാണ്. സംഗതി ഒരു പരിധി വരെ സത്യവുമാണ്. ചിലയാളുകള്‍ക്ക് കുറച്ച് കൂടുതലായി കൊതുക് കടി ഏല്‍ക്കാറുണ്ട്. എന്തായിരിക്കും അതിനുള്ള കാരണം. ചോരയുടെ രുചി അല്ലെങ്കില്‍ രക്തഗ്രൂപ്പിന്റെ പ്രത്യേകത കൊണ്ടായിരിക്കാം ചിലര്‍ കൊതുകുകളെ കൂടുതലായി ആകര്‍ഷിക്കുന്നതെന്ന് പറയാറുണ്ടെങ്കിലും അതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ട കാര്യമാണ്. പക്ഷേ കഴിഞ്ഞിടെ നടന്ന ഒരു പഠനം പറയുന്നത് കൊതുകുകള്‍ ചിലയാളുകളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണം അവരില്‍ നിന്ന് വരുന്ന ഗന്ധമാണന്നാണ്.
ചില സോപ്പുകള്‍ ഉപയോഗിക്കുന്നവരെ കൊതുകുകള്‍ കൂടുതലായി കടിച്ചേക്കുമെന്നാണ് ആ പഠനം പറയുന്നത്. അതായത് സോപ്പിന്റെ സുഗന്ധം കൊതുകുകളെ കൂടുതലായി ആകര്‍ഷിക്കുമെന്ന്. രക്തം കുടിക്കാതിരിക്കുമ്പോള്‍ ചെടികളിലെ തേനാണ് കൊതുകുകളുടെ ആഹാരം. ചില പോഷകവസ്തുക്കള്‍ക്കായും കൊതുകുകള്‍, ചെടികളിലും മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികൡലുമുള്ള വോളറ്റൈല്‍ ഓര്‍ഗാനിക് സംയുക്തങ്ങളെ (വിഒസി) ആശ്രയിക്കാറുണ്ട്. അതിനാല്‍ തന്നെ ഇവ സുഗന്ധമുള്ള ചെടികളിലേക്കും ചില പ്രത്യേക ഗന്ധങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നു. അതുകൊണ്ടായിരിക്കാം സോപ്പിലൂടെ മനുഷ്യശരീരത്തിനുണ്ടാകുന്ന സുഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്നത്.
കീടാണുക്കളെ അകറ്റാനും ശരീരം ശുചിയാകാനും വിയര്‍പ്പ് മൂലമുള്ള ദുര്‍ഗന്ധം അകറ്റാനും ശരീരത്തിന് സുഗന്ധമേകാനുമാണ് ആളുകള്‍ സുഗന്ധ തൈലങ്ങളും ലേപനങ്ങളും സോപ്പുമെല്ലാം ഉപയോഗിക്കുന്നത്. ഇവ മിക്കവാറും പൂക്കളുടെയും പഴങ്ങളുടെയുമെല്ലാം ഫ്‌ളേവറുകളില്‍ ഉള്ളവയായിരിക്കും. കൊതുകുകളെ ഇത്തരം ഗന്ധങ്ങള്‍ ആകര്‍ഷിക്കുമോ എന്ന് കണ്ടെത്തുകയായിരുന്നു വിര്‍ജീനിയയിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സസിലെ ഗവേഷകരുടെ ലക്ഷ്യം. ചില സോപ്പുകളുടെ ഗന്ധങ്ങള്‍ കൊതുകുകളെ ആകര്‍ഷിക്കുകയും മറ്റ് ചില വികര്‍ഷിക്കുകയും ചെയ്യുമെന്നാണ് പഠനത്തിലൂടെ അവര്‍ കണ്ടെത്തിയത്. ഐസയന്‍സിലാണ് ഇവരുടെ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സോപ്പും കൊതുകിനെ ആകര്‍ഷിക്കലും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ നാലുപേരെയാണ് ഇവര്‍ പഠവനിധേയമാക്കിയത്. ഇവര്‍ ഓരോരുത്തരുടെയും ശരീരത്തിന്റെ തനതായ ഗന്ധം സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷം നാലു വ്യത്യസ്ത സോപ്പുകള്‍ ഉപയോഗിച്ചതിലൂടെ അവരെ കൊതുക് കടിക്കുന്നതിലുണ്ടായ മാറ്റമാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. സോപ്പ് ഉപയോഗിച്ച് ദേഹം കഴുകുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക ഗന്ധത്തേക്കാള്‍ ഉപരിയായി (60 ശതമാനത്തോളം) സോപ്പിന്റെ ഗന്ധമാണ് ഒരു വ്യക്തിയുടെ ശരീരത്തിനുണ്ടാകുന്നതെന്ന് ഗവേഷകര്‍ മനസ്സിലാക്കി. മാത്രമല്ല, സോപ്പ് ഉപയോഗിക്കുമ്പോള്‍ ഗന്ധം മാത്രമല്ല, ത്വക്കിലെ ചില രാസവസ്തുക്കളിലും മാറ്റമുണ്ടാകുന്നു. ശരീരത്തിലെ സ്വാഭാവിക രാസവസ്തുക്കള്‍ക്കും സോപ്പിലെ രാസവസ്തുക്കള്‍ക്കുമിടയില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് തങ്ങളുടെ അനുമാനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ക്ലെമന്റ് വിനൗഗര്‍ പറയുന്നു. ചില സോപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കുകയും മറ്റ് ചിലത് കൊതുകകളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.തന്നെ വല്ലാതെ കൊതുക് കടിക്കുന്നുവെന്ന് തോന്നുന്നവര്‍ക്ക് തങ്ങളുടെ സോപ്പ് മാറ്റി പരീക്ഷിക്കാവുന്നതാണെന്ന് ക്ലെമന്റ് പറയുന്നു.
ഗന്ധവും കൊതുകുകളുടെ ആകര്‍ഷണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന് ഗവേഷകര്‍ കൊതുകുകളെ രണ്ട് വിധത്തിലുള്ള, ഗന്ധങ്ങള്‍ (സോപ്പ് ഉപയോഗിച്ച് ദേഹം കഴുകയിതിന് ശേഷവും സോപ്പ് ഉപയോഗിക്കാതെയുള്ള സ്വാഭാവിക ശരീരഗന്ധവും) ഉള്ള ഒരു കൂട്ടിലേക്ക് തുറന്നുവിടുകയായിരുന്നു. പല ഗന്ധങ്ങളിലുള്ള സോപ്പുകള്‍ ഉപയോഗിച്ച് ഈ പരീക്ഷണം ആവര്‍ത്തിച്ചു. നാല് സോപ്പുകളില്‍ മൂന്ന് സോപ്പുകളുടെ ഗന്ധം കൊതുകുകളെ ആകര്‍ഷിച്ചു. ഒരു സോപ്പിന്റെ ഗന്ധം മാത്രം കൊതുകുകളെ ആകര്‍ഷിച്ചില്ല.
ഏത് ഗന്ധമുള്ള സോപ്പാണ് കൊതുകിനെ അകറ്റി നിര്‍ത്തുക
ഫലങ്ങളുടെയും പൂക്കളുടെയും ഗന്ധങ്ങളുള്ള സോപ്പുകളില്‍ തേങ്ങയുടെ ഗന്ധമുള്ള സോപ്പ് മാത്രമാണ് കൊതുകുകളെ ആകര്‍ഷിക്കാതിരുന്നത്. അതേസമയം സോപ്പ് മാത്രമല്ല, മറ്റ് സുഗന്ധ ദ്രവ്യങ്ങള്‍, വസ്ത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പുകള്‍, സോപ്പ് പൊടികള്‍, ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post