കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം. മൂന്നാം ക്ലാസുകാരിയായ ജാൻവി എന്ന കുട്ടിക്കാണ് കടിയേറ്റത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ മാസം 11 ന് മുഴപ്പിലങ്ങാട് നിഹാൽ എന്ന കുട്ടിയെ തെരുവുനായ ക്രൂരമായി ആക്രമിച്ച് കടിച്ചുകൊന്നിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും സമാനമായ സംഭവം ആവർത്തിക്കപ്പെട്ടത്. നിഹാലിന്റെ വീടിന്റെ സമീപവാർഡിലാണ് വീണ്ടും തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
സ്‌കൂൾ വിട്ടു വന്ന് വീടിന് സമീപം കളിക്കുകയായിരുന്നു ജാൻവി. ഈ സമയത്താണ് നായകൾ ആക്രമിച്ചത്. കുട്ടി പേടിച്ച് ഓടി അടുത്തുളള വീടിന് സമീപത്തേക്ക് കയറുകയായിരുന്നു. സമീപത്തെ വീട്ടുകാർ നായകളെ ഓടിച്ച ശേഷമാണ് കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഓട്ടിസം ബാധിച്ച നിഹാൽ എന്ന പതിനൊന്നുവയസുകാരനെ തെരുവുനായകൾ കടിച്ചുകൊന്നത് വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ തെരുവുനായകൾ ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുളള നടപടികൾ സ്വീകരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ തോതിൽ പരാജയപ്പെടുന്നുവെന്നാണ് പരക്കെയുളള ആക്ഷേപം.
Discussion about this post