എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം വിദ്യ ഒളിവിൽ ഇപ്പോഴും തുടരുകയാണ്.
വിദ്യയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയതെന്നാണ് സൂചന. അടുത്താഴ്ചയാകും ഇനി വിദ്യയുടെ ഹർജി പരിഗണിക്കുക.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് തനിക്ക് എതിരെയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണ്. തനിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ വ്യക്തമാക്കുന്നുണ്ട്.
അട്ടപ്പാടി ഗവ. കോളേജ് അധികൃതരാണ് വിദ്യയുടെ സർട്ടിഫിക്കേറ്റുകൾ വ്യാജമെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ജൂൺ ആറിന് സംഭവത്തിൽ വിദ്യയ്‌ക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഇതോടെ വിദ്യ ഒളിവിൽ പോയി. 14 ദിവസമായി അന്വേഷണം നടത്തിയിട്ടും വിദ്യയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post