തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് വിവാദത്തിൽ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി. സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട് നിഖിലിനെതിരെ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് നേതാവിനെ സംഘടന കൈവിട്ടത്.
ഒരിക്കലും ഒരു എസ്എഫ്‌ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിൽ തോമസ് ചെയ്തത് എന്ന് എസ്എഫ്‌ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേരളത്തിനു പുറത്തുള്ള പല സർവകലാശാലകളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയവരിൽ ഒരാളായി നിഖിലും മാറി.
ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും നിഖിലിനെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. നിഖിൽ നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്.
നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്ന് മനസിലായി. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്. അതിനാൽ എസ്എഫ്‌ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്എഫ്‌ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post