തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ബിരുദാനന്തര ബിരുദ പ്രവേശനം നേടിയ സംഭവത്തിൽ ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. നിഖിലിനായുള്ള അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേസമയം സംഭവത്തിൽ നിഖിലിനെതിരെ കായംകുളം പോലീസ് കേസ് എടുത്തിട്ടുണ്ട്.
വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റിന്റെ കാര്യം പുറത്തായതോടെ നിഖിൽ തോമസ് ഒളിവിൽ പോയിരിക്കുകയാണ്. നിഖിലിന്റെ ഫോൺ കേന്ദ്രീകരിച്ച് ഉൾപ്പെടെ പരിശോധന തുടരുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ആണ് പോലീസ് അറിയിക്കുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയിരുന്ന എന്നതാണ് നിഖിലിനെക്കുറിച്ച് പോലീസിന് ലഭിച്ച ആകെയുള്ള വിവരം.
സംഭവത്തിൽ കർശന വകുപ്പുകൾ ചുമത്തിയാണ് കായംകുളം പോലീസ് നിഖിലിനെതിരെ കേസ് എടുത്തിട്ടുള്ളത്. വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്കാണ് കേസ് എടുത്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി കലിംഗ സർവ്വകലാശാലയിൽ എത്തിയ പോലീസ് നിഖിലിന്റെ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചിരുന്നു. നിഖിലിനെതിരെ കേരള പോലീസിന്റെ അന്വേഷണം മാത്രം മതിയെന്നാണ് സർവ്വകലാശാല അറിയിക്കുന്നത്. നേരത്തെ എസ്എഫ്‌ഐ നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് കലിംഗ സർവ്വകലാശാല വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേരള സർവ്വകലാശാല വിസിയെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞു. ഇന്നലെ വൈകീട്ടോടെയായിരുന്നു ഗവർണർ വിസിയെ വിളിച്ചത്. ഗവർണറെ നേരിട്ട് കണ്ട് വിസി കാര്യങ്ങൾ ധരിപ്പിക്കും.
Discussion about this post