മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണി ഉയർത്തി മൂർഖൻ കുഞ്ഞുങ്ങൾ. സർജിക്കൽ വാർഡിനും ഇതിനോട് ചേർന്നുള്ള വരാന്തയിലുമായാണ് പാമ്പുകളെ കണ്ടത്. എട്ട് പാമ്പുകളെ ഇതിനോടകം പിടികൂടി.
കഴിഞ്ഞ മൂന്ന് ദിവസമായാണ് വാർഡിൽ മൂർഖൻ കുഞ്ഞുങ്ങളെ കാണാൻ ആരംഭിച്ചത്. ഇതോടെ സർജിക്കൽ വാർഡ് അടച്ചിട്ടു. സർജിക്കൽ വാർഡിന് സമീപത്തെ എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തിയത് വലിയ ആശങ്കയാണ് ഉളവാക്കിയത്. ഇതോടെ ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റിയിട്ടുണ്ട്.
ആശുപത്രിയുടെ പുറക് വശവും പരിസരവും കാട് പടർന്ന് കിടക്കുകയാണ്. ഇവിടെ നിന്നുമാണ് പാമ്പിൻ കുഞ്ഞുങ്ങൾ എത്തിയത് എന്നാണ് കരുതുന്നത്. ഇനിയും പാമ്പിൻ കുഞ്ഞുങ്ങൾ കെട്ടിടത്തിനുള്ളിലേക്ക് അരിച്ചെത്താൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ ആശുപത്രിയിൽ എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എട്ട് പാമ്പുകളിൽ നാലെണ്ണത്തിനെ ജീവനക്കാരാണ് പിടികൂടിയത്. ബാക്കിയുള്ളവയെ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് റെസ്‌ക്യൂ സംഘമാണ് പിടികൂടിയത്. അതേസമയം സൗകര്യക്കുറവിനെ തുടർന്ന് സർജിക്കൽ വാർഡിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
Discussion about this post