തിരുവനന്തപുരം; വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ. ലൈഫ് ഫ്‌ളാറ്റിലെ ചോർച്ചയെ കുറിച്ച് തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎയോട് പരാതിപ്പെട്ടതിനാണ് ഭീഷണിപ്പെടുത്തിയത്. വീട്ടിൽക്കയറിയാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.
വിജയപുരം പഞ്ചായത്ത് അംഗങ്ങൾ അടക്കം ഇരുപതോളം പേർക്കെതിരെ പരാതി നൽകി. കോട്ടയം വിജയപുരം സ്വദേശി കുഞ്ഞുമോളാണ് പരാതി നൽകിയത്. ‘ സ്വപ്നം കാത്തിരുന്നു കിട്ടിയ വീട് ഞാൻ നശിപ്പിച്ചെന്നു പറഞ്ഞാണ് ഇന്നലെ ഫ്‌ലാറ്റിലേക്കു കുറെപ്പേർ എത്തിയത്. ഒറ്റയ്ക്ക് കഴിയുന്നതെന്ന പരിഗണന പോലും നൽകാതെ ഭീഷണിപ്പെടുത്തി. സത്യം മാത്രമാണു പറഞ്ഞത്. സ്വന്തമായി കട്ടിൽ പോലും ഇല്ല. ഇന്നലെ നിലത്തു വിരിച്ചുകിടന്ന പായ വരെ മഴയിൽ നനഞ്ഞുവെന്ന് വീട്ടമ്മ പറയുന്നു. സംഭവം വിവാദമായതോടെ ചോർച്ച അന്വേഷിക്കാനാണ് പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് സിപിഎം വിശദീകരിച്ചു.
കുഞ്ഞുമോളുടെ പരാതി ലഭിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം തിരുവഞ്ചൂർ രാധാകൃഷ്ണൻ സമുച്ചയം സന്ദർശിക്കാൻ എത്തിയപ്പോൾ എംഎൽഎയോടു പരാതി പറഞ്ഞവരിൽ മുൻനിരയിൽ കുഞ്ഞുമോൾ ഉണ്ടായിരുന്നു.
അതേസമയം വിജയപുരം ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് മിഷൻ ഫ്‌ളാറ്റിലെ ചോർച്ച സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയോഗമാണ് അന്വേഷണത്തിന് സർക്കാരിനോടാവശ്യപ്പെടാൻ തീരുമാനിച്ചത്. പഞ്ചായത്ത് എൻജിനീയറുടെ റിപ്പോർട്ട് വിശദമായി ചർച്ചചെയ്ത ശേഷമാണ് അന്വേഷണത്തിന് കമ്മിറ്റി ശുപാർശ ചെയ്തത്.
Discussion about this post