കൊല്ലം : സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. സംസ്ഥാനത്താകെ പനി ബാധിച്ച് ഇന്ന് ആറ് പേരാണ് മരിച്ചത്. കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ ഇന്ന് മരിച്ചു. ചവറ സ്വദേശി അരുൺ കൃഷ്ണ (33), കൊട്ടാരക്കര സ്വദേശി കൊച്ചുകുഞ്ഞ് ജോൺ, ആയൂർ വയ്യാനത്ത് ബഷീർ(74) എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത്, മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ വിദ്യാർഥി സമദ് (18) എന്നിവരും പനി ബാധിച്ച് മരിച്ചു.
പത്തനംതിട്ടയിലും ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. മുണ്ടുക്കോട്ടക്കൽ സ്വദേശി ശ്രുതി ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ശ്രുതിയെ ഇന്നലെ രാത്രിയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 133 പേരാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 16 പേർ സംസ്ഥാനത്ത് മരിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post